കഞ്ചാവിന്റെ പരസ്യത്തിൽ അല്ല ജയറാം അഭിനയിച്ചത്; ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിലാണ് അദ്ദേഹം പ്രതികരിച്ചത്; പിന്തുണച്ച് സുരേഷ് ഗോപി

കോഴിക്കോട്: കൊല്ലത്ത് വിസ്മയ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രതികരിച്ച നടൻ ജയറാമിന് എതിരെ നടക്കുന്നസൈബർ ആക്രമണങ്ങളെ എതിർത്ത് നടനും എംപിയുമായ സുരേഷ് ഗോപി. ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിലാണ് ജയറാം പ്രതികരിച്ചതെന്നും അതിന് അദ്ദേഹത്തിന് അവകാശമില്ലേയെന്നും ചാനൽ ചർച്ചയ്ക്കിടെ സുരേഷ് ഗോപി ചോദ്യം ചെയ്തു.


‘ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലക്കാണ് ജയറാം പ്രതികരിച്ചത്. ജയറാമിന് അതിന് അവകാശമില്ലേ. അദ്ദേഹം ഒരു പരസ്യം ചെയ്തതിന്റെ പേരിൽ വിമർശിക്കണോ? വിപണന ഉത്പന്നത്തിന്റെ പരസ്യത്തിലാണ് അദ്ദേഹം അഭിനയിച്ചത്. അത് ഇവിടെ വിലക്കിയിട്ടുണ്ടോ? കഞ്ചാവിന്റെ പരസ്യത്തിൽ അല്ല അദ്ദേഹം അഭിനയിച്ചത്,’ സുരേഷ് ഗോപി പറഞ്ഞു.

വിസ്മയയുടെ മരണവാർത്ത വിവാദമായതിന് പിന്നാലെയാണ് ഇന്ന് നീ, നാളെ എന്റെ മകൾ എന്ന് ജയറാം ഫേസ്ബുക്കിലെഴുതിയത്. വിസ്മയയുടെ ഫോട്ടോയ്‌ക്കൊപ്പം ചേർത്ത ഈ തലക്കെട്ടാണ് വിവാദമായത്. വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളുമാണ് ഇതിന് പിന്നാലെ വന്നത്. ജയറാമും മകൾ മാളവികയും മലബാർ ഗോൾഡ് ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. ഈ പരസ്യത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ട്രോളുകൾ.

Exit mobile version