‘ജോര്‍ജ് ജൂനിയര്‍ മാന്‍ഡ്രേക്ക്’..! സ്വര്‍ഗമായ യുഡിഎഫിനെ പിസി നരകമാക്കും, തിരിച്ചെടുക്കരുത്; യൂത്ത്ഫ്രണ്ട്

കോട്ടയം: കൂട് വിട്ട് കൂടുമാറിയ പിസി ജോര്‍ജിനെ തിരികെ യുഡിഎഫിലേക്ക് എടുക്കരുതെന്ന ആവശ്യവുമായി യൂത്ത്ഫ്രണ്ട് എം വിഭാഗം. പിസിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് യൂത്ത് ഫ്രണ്ടിന്റെ കുറിപ്പില്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

വിജയിപ്പിച്ച മുന്നണികളെയും പ്രവര്‍ത്തകരെയും വഞ്ചിച്ച് താല്‍ക്കാലിക രാഷ്ട്രീയ ലഭത്തിനായി പലവട്ടം കാലുമാറ്റം നടത്തിയിട്ടുള്ള ജോര്‍ജ് എല്ലാവരും കൈവിട്ട ശേഷമാണ് ഒറ്റയാന്‍ പോരാട്ടമെന്ന പേരില്‍ പൂഞ്ഞാറില്‍ മല്‍സരിച്ചത്. എന്നാല്‍ പൂഞ്ഞാറിലെ ജനങ്ങളെയും അഴിമതിക്കൊപ്പം നില്‍ക്കുന്ന ബിജെപിക്കൊപ്പം ചേര്‍ന്ന് പിസി ജോര്‍ജ് വഞ്ചിച്ചു എന്നും കുറിപ്പില്‍ വിമര്‍ശിക്കുന്നു.

ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത പിസി ബിജെപി പക്ഷത്തേക്ക് ചായുകയായിരുന്നു. അതിന്റെ ഭാഗമായി ബിജെപിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കറുപ്പ് വസ്ത്രമണിഞ്ഞ് അദ്ദേഹം നിയമസഭയിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ യുഡിഎഫില്‍ തിരികെയെത്താനുള്ള ശ്രമത്തിലാണ് പിസി ജോര്‍ജ്. എന്നാല്‍ യുഡിഎഫ് എന്ന സ്വര്‍ഗത്തിലേക്ക് പിസി ജോര്‍ജ് എന്ന ജൂനിയര്‍ മാന്‍ഡ്രേക്കിനെ സ്വീകരിച്ച് യുഡിഎഫിനെ നരകമാക്കരുതെന്നാണ് യൂത്ത്ഫ്രണ്ട് എം ആവശ്യപ്പെടുന്നത്.

Exit mobile version