തെളിവുകൾ ശക്തം;കിരണിന് കടുത്തശിക്ഷ ലഭിക്കും; കൊലപാതകമാണോ എന്നതല്ല, ഒരു ജീവൻ നഷ്ടപ്പെട്ടതാണ് പ്രധാനമെന്ന് ഐജി ഹർഷിത; സ്വന്തം മകളുടെ കാര്യത്തിലെന്ന പോലെ ഐജി ഇടപെട്ടെന്ന് വിസ്മയയുടെ പിതാവ്

കൊല്ലം: വിസ്മയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി കിരൺ കുമാറിന് കടുത്ത ശിക്ഷ കിട്ടുമെന്ന് ഉറപ്പാക്കുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരി. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവർ. പ്രതിക്ക് കടുത്ത ശിക്ഷ കിട്ടുമെന്നും കൊലപാതകമാണോ എന്നതല്ല പ്രധാനമെന്നും ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടതാണ് ഇവിടെ പ്രധാനമെന്നും ഐജി പറഞ്ഞു.

ഇത് ഗൗരവമേറിയതും തെളിവുകളേറെയുമുള്ള കേസാണെന്നും ഡിജിറ്റൽ തെളിവുകൾ ശക്തമാണെന്നും ഐജി വിവരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിക്കുകയും ഡോക്ടറുടെ മൊഴിയെടുക്കുകയും വേണം. ഇതിനുശേഷം കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തുന്നതിൽ തീരുമാനമെടുക്കുമെന്നും ഐജി പറഞ്ഞു.

നേരത്തെ, ജനുവരിയിൽ ചടയമംഗലം പോലീസ് ഒത്തുതീർപ്പാക്കിയ കിരണിനെതിരെയുള്ള പോലീസുകാരനെ മർദ്ദിച്ചതുൾപ്പടെയുള്ള കേസ് പുനരന്വേഷിക്കുമെന്നും ഐജി ഉറപ്പുനൽകി.

അതേസമയം, സ്വന്തം മകളുടെ കാര്യത്തിലെന്നപോലെയാണ് ഐജി കേസിൽ ഇടപെട്ടതെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. തന്നെക്കാൾ വേദന അവർ പ്രകടിപ്പിച്ചു. എല്ലാസഹായങ്ങളും വാഗ്ദാനംചെയ്തു. ആ സഹായം കിട്ടുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐജി വീട്ടിലെത്തിയപ്പോൾ വിസ്മയ്ക്ക് കിരണിൽനിന്ന് ഏൽക്കേണ്ടിവന്ന പീഡനങ്ങളെല്ലാം കുടുംബം വിശദീകരിച്ചിരുന്നു.

ചടയമംഗലം പോലീസ് ഒത്തുതീർപ്പാക്കിയ ആക്രമണ കേസ് പുനരന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കേസിൽ കിരണിന്റെ സഹോദരിയെയും സഹോദരീഭർത്താവിനെയും പ്രതിചേർക്കണമെന്നും വിസ്മയയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കിരണിനെതിരേ ചുമത്തിയിരിക്കുന്നത്.

കേസിൽ വിസ്മയയുടെ വീട്ടുകാരിൽനിന്ന് മൊഴിയെടുത്ത ശേഷം കിരണിന്റെ ശൂരനാട്ടെ വീട്ടിലെത്തിയും ഐജി മൊഴി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരുമായി കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തുകയും ചെയ്തു.

Exit mobile version