‘കൊല്ലണമെന്ന് തോന്നി, കൊന്ന ശേഷം മോഷ്ടിച്ചു’; സ്വർണം കവരാൻ വയോധികയെ കൊലപ്പെടുത്തിയ പ്രതിയുടെ മറുപടിയിൽ വിറങ്ങലിച്ച് നാട്

കുറ്റിപ്പുറം: പണം കവർച്ച ചെയ്യാനായി വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കടകശ്ശേരി തട്ടോട്ടിൽ കുഞ്ഞിപ്പാത്തുമ്മ(70)യെ കൊലപ്പെടുത്തിയ പ്രതി അയൽക്കാരൻ കൂടിയായ ചീരംകുളങ്ങര മുഹമ്മദ്ഷാഫി (33)യാണ്. കുഞ്ഞിപ്പാത്തുമ്മയുടെ വീടിന്റെ അഞ്ചു വീട് അപ്പുറത്താണ് മുഹമ്മദ്ഷാഫിയുടെ വീട്. വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയാണ് കുഞ്ഞിപ്പാത്തുമ്മ. ഇരുടെ കൈവശം ധാരാളം പണമുണ്ടെന്ന് ഷാഫിക്ക് അറിയാമായിരുന്നു. ഇതാണ് ഷാഫിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതും.

രണ്ടര മാസം മുൻപ് വിദേശത്തുനിന്ന് നാട്ടിലെത്തിയ ഷാഫി തികഞ്ഞ മദ്യപാനിയാണെന്നാണ് പോലീസ് പറയുന്നത്. സ്വഭാവദൂഷ്യം കാരണം ഭാര്യ പിണങ്ങിപ്പോയി. പണിക്കൊന്നും പോകാത്തതിനാൽ മദ്യപിക്കാൻ പണമുണ്ടായിരുന്നില്ല. ഇതോടെയാണ് ഇയാൾ കവർച്ച പദ്ധതിയിട്ടത്.

അതേസമയം, പണമാണ് ആവശ്യമെങ്കിൽ മോഷണം മാത്രം നടത്തിയാൽ പോരേയെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ‘കൊല്ലണമെന്ന് തോന്നി, അതിനാലാണ് കൊന്ന ശേഷം മോഷ്ടിച്ചതെന്ന്’പ്രതി മൊഴി നൽകിയത് അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമല്ല നാട്ടുകാരേയും ഞെട്ടിച്ചിരിക്കുകയാണ്.

വാതിലിൽ മുട്ടി കുഞ്ഞിപ്പാത്തുമ്മയെ വിളിച്ചുണർത്തി തലയ്ക്കടിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഇവരുടെ വീടിന് സമീപത്തെ പറമ്പിലിരുന്ന് കൂട്ടുകാരുമൊത്ത് മദ്യപിച്ചെങ്കിലും ഉദ്ദേശ്യം മറ്റാരോടും വെളിപ്പെടുത്തിയിരുന്നില്ല. കൂട്ടത്തിലെ എല്ലാവരും വീട്ടിൽ പോകും വരെ ഷാഫി അവിടെ തുടർന്നു. അവസാനമാണ് മുഹമ്മദ്ഷാഫി പോയതെന്ന് സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു.

മുൻകൂട്ടി പദ്ധതിയിട്ട പ്രകാരം വടിയുമായി ബൈക്കിൽ കുഞ്ഞിപ്പാത്തുമ്മയുടെ വീടിനു മുന്നിലെത്തിയ പ്രതി അവിടെനിന്ന് കരിങ്കൽ കഷണവും കൈയിലെടുത്തു. ഈ സമയം കുഞ്ഞിപ്പാത്തുമ്മ ഉറങ്ങാതെ ഉമ്മറത്തിരിക്കുകയായിരുന്നു. ഉമ്മറത്ത് കയറിയ മുഹമ്മദ് ഷാഫി കൈയിൽ കരുതിയിരുന്ന വടി കൊണ്ട് ആദ്യം തലയ്ക്ക് അടിയ്ക്കുകയും പിന്നീട് മുഖത്ത് കരിങ്കല്ലുപയോഗിച്ച് കുത്തുകയും ചെയ്യുകയായിരുന്നു.

അടിയേറ്റ് കുഞ്ഞിപ്പാത്തുമ്മ വീണതോടെ വീടിനകത്ത് കയറി പണംതിരയാൻ തുടങ്ങി. കുഞ്ഞിപ്പാത്തുമ്മ എഴുന്നേൽക്കാൻ നോക്കിയപ്പോൾ വീണ്ടും തലയ്ക്കടിച്ചുവീഴ്ത്തി. മരണം ഉറപ്പാകുംവരെ അടി തുടർന്നു. തുടർന്ന് കിടപ്പുമുറിയിലെ പഴ്‌സിലുണ്ടായിരുന്ന പണമെടുത്ത് രക്ഷപ്പെട്ടു. പിന്നീട് രാവിലെ കൊലപാതക വാർത്തയറിഞ്ഞ് നാട്ടുകാർ കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടിലെത്തിയപ്പോൾ അക്കൂട്ടത്തിൽ മുഹമ്മദ് ഷാഫിയുമുണ്ടായിരുന്നു. പോലീസ് സ്ഥലത്ത് പരിശോധന നടത്തുമ്പോഴും പോയില്ല.

ഒടുവിൽ, പോലീസ് നായ സ്ഥലത്തെത്തുമെന്നറിഞ്ഞതോടെ അവിടെനിന്ന് മുങ്ങി. നായ മണംപിടിച്ച് ഓടിയ ഭാഗത്തു തന്നെയായിരുന്നു മുഹമ്മദ് ഷാഫിയുടെ വീട്. എന്നാൽ അവിടേക്ക് നായ കയറാതിരുന്നതോടെ രക്ഷപ്പെട്ടെന്ന് കണക്കുകൂട്ടി. പക്ഷേ, സമീപത്തെ പത്തിഞ്ചിന്റെ ചെരുപ്പ് കണ്ടെടുത്തതോടെ കൃത്യമായ തെളിവുകളിലൂടെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Exit mobile version