‘രാഹുല്‍ജി..’ രാജ്യം ആപത്തില്‍ ആണെന്നറിയുമ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒരേയൊരു പേര്; രാഹുല്‍ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രമ്യ ഹരിദാസ്

പാലക്കാട്: 51ാം പിറന്നാള്‍ ആഘോഷിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. രാജ്യം ആപത്തിലാണെന്നറിയുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് രാഹുല്‍ജിയെന്ന് രമ്യ ഹരിദാസ് പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുല്‍ ഗാന്ധിക്ക് രമ്യ ഹരിദാസ് ആശംസകള്‍ അറിയിച്ചത്. ‘എത്ര വളഞ്ഞിട്ട് ആക്രമിച്ചാലും, തേജോവധം ചെയ്താലും, വ്യക്തിഹത്യ നടത്തിയാലും.. രാജ്യം ആപത്തില്‍ ആണെന്നറിയുമ്പോള്‍ ഒരു പേരുമാത്രമേ ഉയര്‍ന്നു കേള്‍ക്കാറുള്ളൂ.. രാഹുല്‍ജി.. ജന്മദിനാശംസകള്‍..,’ – എന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

1970 ജൂണ്‍ 19 നാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകനായി രാഹുല്‍ ജനിച്ചത്. 51-ാം പിറന്നാളാണ് രാഹുല്‍ ഗാന്ധി ഇന്ന് ആഘോഷിക്കുന്നത്. രാജ്യത്തെ പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ ഇതിനോടകം രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകളറിയിച്ചു.

Exit mobile version