തെരഞ്ഞെടുപ്പിൽ അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് തേടിയിട്ടില്ല; സ്ലിപ്പുകൾ താൻ നൽകിയതാണെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്ന് കെ ബാബു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടുതേടിയിട്ടില്ലെന്ന് കെ ബാബു എംഎൽഎ. എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ ബാബു പറഞ്ഞു. തൃപ്പൂണിത്തുറ മണ്ഡലത്തിൽ ഒരിടത്തും യുഡിഎഫ് അയ്യപ്പന്റെ പേരിലുള്ള സ്ലിപ്പുകൾ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

അയ്യപ്പന്റെ പേരിൽ വോട്ട് തേടിയ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വാമി അയ്യപ്പന്റെ പേര് യുഡിഎഫ് എവിടെയും ഉപയോഗിച്ചിട്ടില്ല. കേസ് കോടതിയിൽ വരുമ്പോൾ നോക്കാം. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ലഭിച്ചാൽ അഭിഭാഷകരുമായി ചർച്ച ചെയ്ത് നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ബാബു വ്യക്തമാക്കി. സ്വരാജ് കേസ് നൽകിയ കാര്യം പത്രത്തിൽ കണ്ടുള്ള അറിവ് മാത്രമാണുള്ളത്. എന്നാൽ ഇതിൽ പറയുന്ന കാര്യങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. സ്ലിപ്പുകൾ താൻ നൽകിയതാണെന്ന് വരുത്തി തീർക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെന്നും സ്ലിപ്പ് കിട്ടിയെന്ന് പറയുന്ന ഒരാൾ തൃപ്പൂണിത്തുറയിലെ ഡിവൈഎഫ്‌ഐ അംഗമാണെന്നും അദ്ദേഹം ആരോപിച്ചു.

ജനകീയ കോടതിയിൽ ജനങ്ങൾ തന്നെ വിജയിപ്പിച്ചു. മാന്യമായ രീതിയിൽ പ്രചാരണം നടത്തിയാണ് വിജയിച്ചത്. എന്നാൽ ഇടതുപക്ഷം ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. നിരന്തരമായ സൈബർ ആക്രമണത്തിലൂടെ തന്നെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്നും കെ ബാബു പറഞ്ഞു.

Exit mobile version