സികെ ജാനു എൻഡിഎയിൽ എത്തിയത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി; പണം നൽകേണ്ട കാര്യമില്ല; ബിജെപി ഒറ്റക്കെട്ടെന്നും പികെ കൃഷ്ണദാസ്

തിരുവനന്തപുരം: സികെ ജാനുവിന് പണം നൽകിയിട്ടില്ലെന്നും ബിജെപി ഒറ്റക്കെട്ടാണെന്നും അവകാശപ്പെട്ട് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സികെ ജാനു എൻഡിഎയിൽ എത്തിയത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ടാണെന്നും ഒരു പാർട്ടിയെയും പണം നൽകി എൻഡിഎയിലെടുക്കേണ്ട കാര്യം മുന്നണിക്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

വിഷയത്തിൽ പ്രചരിച്ച ഓഡിയോ ക്ലിപ്പിൽ സംസ്ഥാന അധ്യക്ഷൻ നിലപാട് അറിയിച്ചു കഴിഞ്ഞുവെന്നും ബിജെപി ഒറ്റക്കെട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. മറിച്ചുള്ളത് ഒരുകൂട്ടം മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

അതേസമയം സികെ ജാനുവിന് പണം നൽകിയെന്ന പരാതിയിൽ ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപറ്റ സെഷൻസ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി നവാസ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവുണ്ടായിരിക്കുന്നത്.

പ്രസീത അഴീക്കോട് കെ സുരേന്ദ്രനുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തെത്തിയതോടെയാണ് ബിജെപിയുടെ കോഴ വാർത്ത വലിയ കോളിളക്കമുണ്ടാക്കിയത്. സികെ ജാനുവിന് കെ സുരേന്ദ്രൻ പത്ത് ലക്ഷം നൽകിയെന്ന് തെളിയിക്കുന്നതാണ് ശബ്ദരേഖകൾ.

Exit mobile version