രാജ്യദ്രോഹക്കേസ് പ്രതിയാണ് ഐഷ സുൽത്താന; ഫോണിൽ വിളിച്ച് പിന്തുണച്ച മന്ത്രി വി ശിവൻകുട്ടിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കുമ്മനം

തിരുവനന്തപുരം: രാജ്യദ്രോഹക്കേസ് ചുമത്തിയ ഐഷ സുൽത്താനയെ പിന്തുണച്ച മന്ത്രി വി ശിവൻകുട്ടിക്ക് എതിരെ കടുത്ത പ്രതിഷേധമറിയിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത്. രാജ്യദ്രോഹക്കേസ് പ്രതിയായ ഐഷ സുൽത്താനയെ ഫോണിൽ വിളിച്ച് പിന്തുണയും ആശംസയമറിച്ച മന്ത്രി വി ശിവൻകുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കുമ്മനം പ്രതികരിച്ചു.

ലക്ഷദ്വീപിലെ ജനങ്ങൾക്കു മേൽ കേന്ദ്ര സർക്കാർ ബയോവെപ്പൺ പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമർശമാണ് ഐഷ നടത്തിയത്. സാമുദായിക സൗഹാർദ്ദം തകർക്കാനും രാജ്യത്തിന്റെ ഐക്യം തകർക്കാനുമുള്ള പരാമർശത്തിനെതിരെ നിയമപരമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്തെന്നും ലക്ഷദ്വീപിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിനെ നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു.

മുഖ്യമന്ത്രിയെയും തന്നെയും വന്ന് കണ്ടാൽ ലക്ഷദീപ് പോലീസിൽ നിന്ന് രക്ഷിക്കാമെന്നാണ് ഐഷാ സുൽത്താനയോട് ശിവൻകുട്ടി ഫോണിൽ പറഞ്ഞത്. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന മന്ത്രി, മറ്റൊരു സംസ്ഥാനത്ത് രജിസ്ട്രർ ചെയ്തിരിക്കുന്ന കേസിൽ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണ്. തന്റെ മണ്ഡലത്തിൽ നടക്കുന്ന അഴിമതി, അക്രമം എന്നിവയെക്കുറിച്ച് ഒന്നും മിണ്ടാത്ത ശിവൻകുട്ടി, തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയ്ക്കുന്നതിനു പിന്നിൽ ചേതോവികാരം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും കുമ്മനം കുറ്റപ്പെടുത്തി.

ആറ്റുകാൽ പൊങ്കാലയുടെ പേരു പറഞ്ഞ് ലക്ഷങ്ങളുടെ കൊള്ളയാണ് നഗരസഭ നടത്തിയത്. കോവിഡ് കാലത്ത് ഭക്ഷണം നൽകിയതിന്റെ പേരിലും വെട്ടിപ്പ് നടന്നിരിക്കുന്നു. ആറ്റുകാൽ ക്ഷേത്ര പരിസരത്തത് അക്രമവും വ്യാപക ഗുണ്ടാ വിളയാട്ടവും നടക്കുന്നതിന്റെ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് ചികിത്സാ കേന്ദ്രത്തിനു നേരെ പോലും ആക്രമണം ഉണ്ടായി. ഇതിനോടൊന്നും പ്രതികരിക്കാൻ സ്ഥലം എംഎൽഎ ആയ മന്ത്രിക്ക് സമയം ഉണ്ടായിരുന്നില്ലെന്ന് കുമ്മനം പുറത്തിറക്കിയ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

Exit mobile version