ലക്ഷദ്വീപിലേക്കുള്ള യാത്ര ഗോവ വഴി; കൊച്ചിയെ ഒഴിവാക്കി പ്രഫുൽ പട്ടേൽ;കറുത്തവസ്ത്രങ്ങൾ അണിഞ്ഞ് കരിദിനം ആചരിച്ച് ലക്ഷദ്വീപ് ജനത

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ കൊച്ചിവഴിയുള്ള യാത്ര ഒഴിവാക്കി. പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലെത്തിയത് ഗോവ വഴി. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരേ കേരളത്തിലുൾപ്പടെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് കേരളത്തിലൂടെയുള്ള യാത്ര ഒഴിവാക്കിയതെന്നാണ് സൂചന. അതേസമയം, യാത്രയുടെ വഴി മാറ്റി അഡ്മിനിസ്‌ട്രേറ്റർ ഒളിച്ചോടുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റെടുത്ത ശേഷമുളള അദ്ദേഹത്തിന്റെ മൂന്നാമത്തെ സന്ദർശനമാണ് ഇത്.

നിലവിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഔദ്യോഗിക സന്ദർശനത്തിനാണ് പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തുന്നത്. ദ്വീപിലെ ഊർജസ്വകാര്യവത്കരണം, സ്മാർട്ട് സിറ്റി പദ്ധതികൾ, ഇക്കോ ടൂറിസം പദ്ധതികൾ, എൻഐഒടി പ്ലാന്റുകൾ, കവരത്തി ഹെലിബേസ് എന്നിവയിൽ വിവിധ വകുപ്പുമേധാവികളുമായി ചർച്ച നടത്തും. കവരത്തിയിലെ ആശുപത്രി നിർമ്മാണസ്ഥലം സന്ദർശിക്കും. അഗത്തിയിൽനിന്ന് 20ന് തിരിച്ചുവരും. പ്രതിഷേധങ്ങൾ ഉണ്ടാകാനിടയുണ്ടെന്നതിനാൽ അഗത്തിയിൽ വിമാനമിറങ്ങി കവരത്തിയിലേക്കു മാത്രമാണ് യാത്ര. മറ്റു ദ്വീപുകൾ അദ്ദേഹം സന്ദർശിക്കുന്നില്ല.

അതേസമയം, പ്രഫുൽ പട്ടേൽ ദ്വീപിലെത്തുന്ന ദിനമായ ഇന്ന് കരിദിനമായി ആചരിക്കുകയാണ് ദ്വീപ് ജനത. കറുത്ത വസ്ത്രങ്ങളും മാസ്‌കും ധരിച്ച് വീടുകളിൽ കറുത്തകൊടി ഉയർത്തി കൈയിൽ ‘പിറന്നമണ്ണിൽ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുക’യെന്ന പ്ലക്കാർഡുകൾ പിടിച്ച് ശാന്തമായാണ് ദ്വീപ് ജനത പ്രതിഷേധിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുളള പ്രതിഷേധ പരിപാടികളാണ് സേവ് ലക്ഷദ്വീപ് ഫോറം ആസൂത്രണം ചെയ്തിട്ടുളളത്. തങ്ങളുടെ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ, പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. വീടുകളിലെ കരിങ്കൊടികൾ എടുത്തുമാറ്റണമെന്ന് ദ്വീപ് ജനതയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ജനങ്ങൾ എങ്ങനെ അതിനോട് അങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

Exit mobile version