പ്രളയത്തില്‍ വെള്ളം കയറിയ വീട് പൊളിക്കന്‍ പഞ്ചായത്ത് അനുമതി, ജാക്കിയില്‍ വീട് ഉയര്‍ത്തി ഉടമ..! ഒടുക്കം ദുരന്തം

പന്തളം:പ്രളയത്തില്‍ വെള്ളം കയറിയ അറയും നിരയുമുള്ള വീട് പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് അനുമതി നല്‍കിയതോടെ ഉടമ, ജാക്കിയില്‍ വീട് ഉയര്‍ത്തി നവീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം ദുരന്തത്തില്‍ കലാശിച്ചു. പന്തളം തുമ്പമണ്‍ തുണ്ടത്തില്‍ ഡോ. ടിസി ചെറിയാന്റെ വീട് ഉയര്‍ത്തി നിര്‍മിക്കുന്നതിനിടെ വീടിന്റെ പൂമുഖം തകര്‍ന്നു വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം 2.20ന് ആയിരുന്നു സംഭവം. വീട് നവീകരണത്തിനിടെ ഒരു ഭാഗം തകര്‍ന്നു തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി സമദ് ആണു മരിച്ചത്. ബംഗാള്‍ സ്വദേശികളായ മറ്റു രണ്ടുപേര്‍ക്ക് പരുക്കേറ്റു.

ഹരിയാനയിലുള്ള കെട്ടിട നിര്‍മാണ കമ്പനിയുടെ നേതൃത്വത്തില്‍ 11 പേരടങ്ങുന്ന സംഘം ഒരാഴ്ച മുമ്പാണു പണികള്‍ തുടങ്ങിയത്. ബംഗാളിനു പുറമേ യുപി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. കുട്ടനാട്ടില്‍ പ്രളയംബാധിച്ച വീടുകള്‍ ഇത്തരത്തില്‍ ജാക്കിയില്‍ പ്പൊക്കി നവീകരിച്ചുവെന്ന് അവകാശപ്പെട്ടാണ് കമ്പനി കരാര്‍ ഏറ്റെടുത്തത്. എന്നാല്‍ പണി തുടങ്ങുന്നതിന് മുമ്പ് വേണ്ട മുന്‍കരുതലും സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല.

വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 2 പേരെ നാട്ടുകാരും അടൂരില്‍ നിന്നെത്തിയ അഗ്‌നിശമനസേനയും പന്തളം പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. എന്നാല്‍ സ്‌ലാബിന് അടിയില്‍ കുടുങ്ങിയ സമദിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. മണ്ണുമാന്തി യന്ത്രം എത്തിച്ച് സ്‌ലാബ് നീക്കം ചെയ്താണ് അഗ്‌നിശമനസേന മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സമദിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Exit mobile version