ഈ വീട്ടിലെ മക്കളെല്ലാം ഹോമിയോ, അലോപ്പതി, ആയുർവേദ ഡോക്ടർമാർ; സഫലമായത് രാഘവൻ-പുഷ്പ ആദിവാസി ദമ്പതികളുടെ സ്വപ്‌നവും കഠിനപ്രയത്‌നവും

കുട്ടമ്പുഴ: സാമ്പത്തികവും സാമൂഹികവുമായ എല്ലാ പരിതസ്ഥിതികളോടും പോരാടി എളംബ്ലാശേരി ആദിവാസിക്കുടിയിലെ കോരാളിയിൽ വീട്ടിലെ മക്കളെല്ലാം ഡോക്ടർമാരായി. ഹോമിയോ, അലോപ്പതി, ആയുർവേദം തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും വീട്ടിൽ നിന്നും ഡോക്ടർമാരുണ്ടായ സന്തോഷത്തിലാണ് രാഘവൻ-പുഷ്പ ദമ്പതികൾ. അസുഖം വരുമ്പോൾ 3 മക്കളെയും തോളിലേറ്റി കാട്ടിലൂടെ ആശുപത്രിയിലേക്ക് ഓടേണ്ട ഗതികേടിലായിരുന്നു ഇവർ പണ്ട്. കോതമംഗലത്തെ ആശുപത്രിയിലേക്കു ബസ് കിട്ടാൻ ആറാം മൈലിൽ എത്തണം. അന്നു മനസ്സിൽ കുറിച്ചതാണു മക്കളെ ഡോക്ടറാക്കണമെന്ന് ഇവർ പറയുന്നു.

ഈ ദമ്പതികളുടെ കഠിനപ്രയത്‌നമാണ് മക്കളെ ഡോക്ടർമാരാക്കിയത്. വനത്തിനുള്ളിൽ പ്രതികൂല ജീവിത സാഹചര്യങ്ങളോടു പൊരുതിയാണ് ഈ ദമ്പതികൾ മക്കളെ ഉയർന്ന വിദ്യാഭ്യാസം നൽകാൻ കഷ്ടപ്പെട്ടത്. കോരാളിയിൽ രാഘവന്റെയും പുഷ്പയുടെയും സ്വപ്നമായിരുന്നു മക്കളെയെല്ലാം ഡോക്ടർമാരാക്കുക എന്നത്.

ഇളയ മകൻ സന്ദീപ് കണ്ണൂർ പരിയാരം ഗവ. ആയുർവേദ മെഡിക്കൽ കോളജിൽ ഹൗസ് സർജനായതോടെ മൂന്നുമക്കളും ഡോക്ടർമാരാവുകയും തങ്ങളുടെ ജീവിത ലക്ഷ്യം നിറവേറുകയും ചെയ്തതിന്റെ സംതൃപ്തിയിലാണ് ഈ ആദിവാസി ദമ്പതികൾ. മക്കളെ വിവാഹം കഴിച്ചെത്തിയതും ഡോക്ടർമാരാണ്. ഇതോടെ ഈ വീട്ടിൽ ഇപ്പോൾ ഡോക്ടർമാരുടെ എണ്ണം അഞ്ചായി.

മൂത്ത മകൻ പ്രദീപ് കവളങ്ങാട് പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്‌പെൻസറിയിൽ മെഡിക്കൽ ഓഫിസറാണ്. രണ്ടാമത്തെ മകൾ സൂര്യ കാസർകോട് ചിറ്റാരിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അസി. സർജൻ. പ്രദീപും സൂര്യയും വിവാഹിതരാണ്. പ്രദീപിന്റെ ഭാര്യ നിത്യ കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിൽ എംഡിക്കു ചേർന്നു. സൂര്യയുടെ ഭർത്താവ് ദന്ത ഡോക്ടറായ സികെ സുബിൻ കാസർകോട് ചെറുപുഴയിൽ ക്ലിനിക് നടത്തുന്നു.

പ്രണയിച്ച് വിവാഹം കഴിച്ച രാഘവനും പുഷ്പയും രണ്ട് സമുദായക്കാരായതിനാൽ ബന്ധുക്കളെല്ലാം അകൽച്ചയിലായിരുന്നു. ഇവർ പിന്നീട് എളംബ്ലാശേരിയിൽ കുടികെട്ടി താമസം തുടങ്ങി. ഉണ്ടായിരുന്ന മണ്ണിൽ കൃഷിയിറക്കി. ഇതിനിടെ കൂലിപ്പണിക്കും പോകും. രാത്രി വീട്ടിലിരുന്നു പനമ്പ് നെയ്യും. ഇങ്ങനെയാണു മക്കളെ പഠിപ്പിക്കാൻ പണം കണ്ടെത്തിയത്.

ഇവരുടെ നിശ്ചയദാർഢ്യം മനസിലാക്കി ഒട്ടേറെപ്പേർ സഹായിക്കാനെത്തിയതും തുണയായി. കാപ്പിയില അരിഞ്ഞുകൂട്ടി അടുപ്പിൽ ചൂടാക്കി കല്ലിൽ അരച്ച് ഇതിട്ടു തിളപ്പിച്ച വെള്ളം മാത്രം കുടിച്ചു ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ടെന്ന് ഈ ദമ്പതികൾ പറയുന്നു.

Exit mobile version