കൊടുംകാട്ടിലൂടെ കിലോമീറ്ററുകളോളം നടന്നെത്തി കോവിഡ് രോഗികളെ പരിചരിച്ച് ആരോഗ്യ പ്രവർത്തകർ; നന്മയുടെ പര്യായമായി ‘കോവിഡ് ബാറ്റിൽ ടീം’

മുള്ളേരിയ: ഉൾവനത്തിലെ കോളനികളിലെ കോവിഡ് രോഗികളെ പരിചരിക്കാനായി കൊടുംകാട്ടിലൂടെ കിലോമീറ്ററുകളോളം നടന്ന് ആരോഗ്യ പ്രവർത്തകർ. കോവിഡ് വ്യാപനം രൂക്ഷമായ ദേലംപാടി പഞ്ചായത്തിലെ നീർളക്കയ, ഭണ്ടാരക്കുഴി കോളനികളിലേക്കാണ് മൊബൈൽ മെഡിക്കൽ ടീം സംരക്ഷിത വനം താണ്ടിയെത്തിയത്. കോവിഡ് ബാറ്റിൽ ടീം എന്ന പേരിൽ രൂപം കൊടുത്തിരിക്കുന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കോവിഡ് പോരാട്ട സംഘമാണ് കാടിനെ മുറിച്ചുകടന്ന് രോഗികളെ തേടിയെത്തിയത്.

രണ്ടു കോളനികളിലെ 39 വീടുകളിലായി 40 പേരാണ് ഒരാഴ്ചയിൽ കോവിഡ് പോസിറ്റീവ് ആയത്. പഞ്ചായത്ത് ആസ്ഥാനമായ അഡൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശത്തേക്ക് എത്തുക ദുർഘടമാണ്. നേരത്തെ തന്നെ കോവിഡ് വ്യാപനം തടയുന്നതിനായി പോസിറ്റീവ് ആയവരെ പ്രത്യേകം താമസിപ്പിക്കുകയും ബാക്കിയുള്ളവരെ മറ്റു വീടുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നെങ്കിലും കോളനി നിവാസികൾ ആശങ്കയിലായിരുന്നു.

മൊബൈൽ ഫോണിന് റേഞ്ച് പോലും ഇല്ലാത്ത പ്രദേശമായതിനാൽ രോഗികളുടെ അവസ്ഥയറിയാൻ നേരിട്ടെത്തുക മാത്രമാണ് ആരോഗ്യപ്രവർത്തകരുടെ മുന്നിലുള്ള പോംവഴി. 12 കിലോമീറ്ററിൽ 6 കിലോമീറ്ററിൽ മാത്രമാണ് ഗതാഗതയോഗ്യമായ റോഡുള്ളത്. ബാക്കി 6 കിലോമീറ്റർ ദൂരം കാട്ടിലൂടെ നടന്നാണ് അടക്കമുള്ള ആരോഗ്യ പ്രവർത്തകർ കോളനിയിലെത്തിയത്. കാട്ടാന, കാട്ടുപോത്ത് തുടങ്ങിയവ വിഹരിക്കുന്ന കാടാണിത്.

‘ഞങ്ങൾ അവിടെ ചെന്നപ്പോൾ അവരുടെ കണ്ണുകളിൽ ആദ്യം അദ്ഭുതമായിരുന്നു. അവർ ഒരിക്കലും ഇതു പ്രതീക്ഷിച്ചിരുന്നില്ല’ മെഡിക്കൽ സംഘത്തിനു നേതൃത്വം നൽകിയ ഡോ. മുഹമ്മദ് ഷിറാസ് പറഞ്ഞു. പോസിറ്റീവ് ആയവരുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ചു മരുന്നുകൾ നിർദേശിച്ചു. ഓക്‌സിജൻ അളവ് പരിശോധിക്കുന്നതിനായി പൾസ് ഓക്‌സിമീറ്ററും പഞ്ചായത്ത് അംഗം ബിജു നെച്ചിപ്പടുപ്പിനെ ഏൽപിച്ചു. മരുന്ന് എത്തിക്കാൻ ആരോഗ്യ പ്രവർത്തകരോട് പറയുകയും ചെയ്തു. ക്വാറന്റീനിൽ കഴിയുന്നവരേയും പരിചരിച്ചു. സ്റ്റാഫ് നഴ്‌സുമാരായ സീമാ മോഹൻ, അശ്വതി ശ്രീജേഷ്, ബിന്ദു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Exit mobile version