മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസുകാരന് ക്രൂരമര്‍ദ്ദനം, തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അജീഷ് പോളിനായി പ്രാര്‍ഥനയോടെ കുടുംബം

തൊടുപുഴ: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയയാളെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ക്രൂരമായി ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോളിനായി പ്രാര്‍ഥനയോടെ കുടുംബം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അജീഷ് പോള്‍.

മകന്‍ എത്രയും വേഗം സുഖം പ്രാപിച്ച് ആരോഗ്യവാനായി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് അജീഷ് പോളിന്റെ പിതാവ് ചിലവ് വാളനാകുഴിയില്‍ പോള്‍ വര്‍ഗീസും അമ്മ അച്ചാമ്മയും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മറയൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ അജീഷിന് മര്‍ദ്ദമേറ്റത്.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ മറയൂര്‍ കോവില്‍കടവ് സ്വദേശി സുലൈമാനെ ചോദ്യം ചെയ്ത അജീഷ് പോളിനെ ഇയാള്‍ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ അജീഷിന്റെ തലയോട്ടി പൊട്ടിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കി.

2011ല്‍ സര്‍വിസില്‍ പ്രവേശിച്ച അജീഷ് മൂന്നുവര്‍ഷമായി മറയൂര്‍ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. കുളമാവ്, ഇടുക്കി എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ആരുമായും ഒരുവിധ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നയാളല്ല മകനെന്ന് പോള്‍ പറയുന്നു. നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം അവനെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. അവിവാഹിതനായ അജീഷിന് രണ്ട് സഹോദരങ്ങളാണുള്ളത്.

Exit mobile version