കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്കായി പ്രത്യേക പാക്കേജ്; മൂന്ന് ലക്ഷം ഒറ്റത്തവണയായി നൽകും; 18 വയസുവരെ 2000 രൂപ മാസംതോറും; പഠനച്ചെലവ് വഹിക്കും: മുഖ്യമന്ത്രി

CM Pinarayi | Kerala News

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തെ സംബന്ധിച്ച ആശങ്കകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാരണം അനാഥരായ കുട്ടികൾക്ക് മൂന്നുലക്ഷം രൂപ ഒറ്റത്തവണയായി നൽകുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

18 വയസ്സ് വരെ 2000 രൂപ മാസംതോറും നൽകും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി മരണനിരക്ക് കൂടുതലാണ്. ഈ ജില്ലകളിൽ വിദഗ്ധസംഘത്തെ നിയോഗിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോവിഡ് കാരണം മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ ഓണാവധിയോട് അടുത്ത സമയത്ത് നടത്താൻ ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകർ കോവിഡ് ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ആ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും. ഓൺലൈൻ അഡൈ്വസിന്റെ വേഗം വർധിപ്പിക്കണമെന്ന് പിഎസ്‌സിയോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version