നിയമമോ പരിഷ്‌കരണമോ ഭൂമിക്ക് വേണ്ടി ആകരുത്, മറിച്ച് ജനങ്ങൾക്ക് വേണ്ടിയാകണം; ലക്ഷദ്വീപിലുള്ളവർ സന്തുഷ്ടരല്ല; പിന്തുണയുമായി പൃഥ്വിരാജ്

prithviraj_

കൊച്ചി: ലക്ഷദ്വിപീലെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ ദ്വീപിലെ ജനജീവിതത്തെ തകർക്കുന്നതാണെന്ന പരാതിക്കിടെ ദ്വീപ് ജനതയ്ക്ക് പിന്തുണയുമായി നടനും സംവിധായകനുമായ പൃഥ്വിരാജ്. ലക്ഷദ്വീപിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്നും അവർക്ക് വേണ്ടി നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ അവരെ ദ്രോഹിക്കുന്നതാണെങ്കിൽ എന്തിന് നടപ്പാക്കുന്നെന്നും താരം ചോദിക്കുന്നു. ഫേസ്ബുക്കിലെ സുദീർഘമായ പോസ്റ്റിലാണ് പൃഥ്വിരാജ് ലക്ഷദ്വീപ് നിവാസികളോടുള്ള സ്‌നേഹവും അവരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ആവശ്യമായത് ചെയ്യണമെന്ന അഭ്യർത്ഥനയും പങ്കുവെച്ചത്.

ആറാംക്ലാസിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി ദ്വീപിലെത്തിയതെന്നും ഹരിതനീലിമയുള്ള വെള്ളവും സ്ഫടികം പോലെയുള്ള ജലാശയവും എന്നും തന്റെ ഓർമ്മയിലുണ്ടായിരുന്നുവെന്നും പൃഥ്വി കുറിക്കുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം സച്ചിയുടെ ചിത്രം അനാർക്കലിയുടെ ചിത്രീകരണത്തിനായാണ് ദ്വീപിലെത്തിയത്. രണ്ടു മാസത്തോളം കവരത്തിയിൽ ചിലവഴിക്കുകയും അക്കാലത്ത് ജീവിതകാലം മുഴുവൻ ഓർത്തെടുക്കാനുള്ള ഒരുപാട് നല്ല ഓർമ്മകളും സുഹൃത്തുക്കളും ലഭിച്ചു. പിന്നീട് സംവിധായകനായപ്പോൾ ആദ്യചിത്രമായ ലൂസിഫറിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ ലക്ഷദ്വീപ് തെരഞ്ഞെടുത്തത് അവിടുത്തെ ജനങ്ങളുടെ സ്‌നേഹവും സഹകരവും കാരണമാണെന്നും പൃഥ്വിരാജ് ഓർമ്മിക്കുന്നു.

പിന്നീട് ഈയടുത്തായി ലക്ഷദ്വീപിലെ തനിക്കറിയുന്നതും അറിയാത്തതുമായ നിരവധി ആളുകളിൽ നിന്ന് മെസേജുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് തനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അഭ്യർത്ഥിച്ചുകൊണ്ടുള്ളതായിരുന്നു സന്ദേശങ്ങൾ. പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങൾ തികച്ചും വിചിത്രമാണെന്ന് താൻ മനസിലാക്കിയെന്നും പൃഥ്വി വിശദീകരിക്കുന്നു.

തന്നോട് സംസാരിച്ച ദ്വീപുവാസികളാരും അവിടെ നടക്കുന്ന കാര്യത്തിൽ സന്തോഷവാൻമാരല്ലെന്ന് വ്യക്തമാണ്. ഏത് നിയമമോ പരിഷ്‌കാരമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്ക് വേണ്ടി ആകരുതെന്നും ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാകണമെന്നുമാണ് താൻ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

ഭൂമിശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ അതിർത്തികളല്ല ഒരു രാജ്യത്തെ സൃഷ്ടിക്കുന്നത്, മറിച്ച് അവിടുത്തെ ജനങ്ങളാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സമാധാനപരമായ ജീവിതം നയിക്കുന്ന അവരെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുമായി ചേർത്ത് ന്യായീകരിക്കാനാകും? പ്രത്യാഘാതങ്ങളെ കുറിച്ചോർക്കാതെ ലോലമായ ദ്വീപിലെ ആവാസവ്യവസ്ഥയെ ഭീഷണിയിലാക്കുന്നത് എങ്ങനെയാണ് സുസ്ഥിരമായ വികസനത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം ചോദ്യം ചെയ്യുന്നു. നമ്മുടെ സിസ്റ്റത്തിൽ വിശ്വാസമുണ്ടെന്നും നമ്മുടെ ജനങ്ങളിൽ അതിലേറെ വിശ്വാസമുണ്ടെന്നും പൃഥ്വി പ്രതികരിക്കുന്നു.

നിയമിക്കപ്പെട്ട അധികാരിയുടെ തീരുമാനത്തിൽ ഒരു സമൂഹം മുഴുവൻ അസംതൃപ്തരാണെന്ന് അവിടെയുള്ള ആളുകൾ പറയുകയും അവർ അത് ലോകത്തിന്റേയും സർക്കാരിന്റേയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുന്നു. അല്ലാതെ മറ്റു വഴിയില്ലെന്ന് താൻ കരുതുന്നു. അതിനാൽ ആർക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ, ലക്ഷദ്വീപിലെ ജനങ്ങളെ ശ്രദ്ധയോടെ കേൾക്കണമെന്നും അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാൻ അവരെ വിശ്വസിക്കണമെന്നും പൃഥ്വി പറയുന്നു. ഭൂമിയിലെ ഏറ്റവും മനോഹരമായ പ്രദേങ്ങളിലൊന്നാണിത്. അതിലും മനോഹരമായ ആളുകൾ അവിടെ താമസിക്കുന്നെന്ന് പറഞ്ഞാണ് പൃഥ്വിരാജിന്റെ കുറിപ്പ് അവസാനിക്കുന്നത്.

Exit mobile version