മുഖ്യമന്ത്രി പിണറായി ഉൾപ്പടെ 15 പേർ സഗൗരവം സത്യപ്രതിജ്ഞ ചൊല്ലി; ആറുപേർ ദൈവനാമത്തിലും

sworn in functions

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ആദ്യമന്ത്രിസഭായോ യോഗവും ചേർന്നു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ എല്ലാം പാലിച്ചാണ് സത്യപ്രതിജ്ഞ നടന്നത്. ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെ 15 പേർ സഗൗരവത്തിലും ആറുപേർ ദൈവനാമത്തിലും സത്യവാചകം ചൊല്ലി.

ആദ്യം സത്യവാചകം ചൊല്ലിയ പിണറായി വിജയൻ സഗൗരവമാണ് പ്രതിജ്ഞ ചെയ്തത്. പിന്നാലെ ഘടകകക്ഷി നേതാക്കളായ നിയുക്ത മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ അക്ഷരമാലാക്രമത്തിൽ നിയുക്ത മന്ത്രിമാരും സത്യവാചകം ചൊല്ലി അധികാരമേറ്റു.

റവന്യൂ മന്ത്രിയായി കെ രാജനും വനംവകുപ്പുമന്ത്രിയായി എകെ ശശീന്ദ്രനും സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ ഘടകകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവർ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്.

സിപിഎം മന്ത്രിമാരായ വി അബ്ദുറഹ്മാൻ, വീണാ ജോർജ് എന്നിവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പിണറായി വിജയൻ സെക്രട്ടറിയേറ്റിലെത്തി ഫയലിൽ ഒപ്പ് വെച്ച് ഔദ്യോഗികമായി അധികാരം ഏറ്റെടുത്തു.

Exit mobile version