കോവിഡ് രോഗികളുടെ ബന്ധുക്കളെ പിഴിഞ്ഞ് വൻതട്ടിപ്പ് സംഘം; മൃതദേഹം സംസ്‌കരിക്കുന്നതിന് ഈടാക്കുന്നത് 18000 രൂപ; മെഡിക്കൽ കോളേജ് കൈയ്യടക്കി ഏജന്റുമാർ

കോട്ടയം: കോവിഡ് ബാധിച്ച് മരിക്കുന്ന രോഗികളുടെ കുടുംബാംഗങ്ങളെ പിഴിയാനായി വലവിരിച്ച് വൻതട്ടിപ്പ് സംഘം. കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് വൻ തുക ഈടാക്കി കോട്ടയം മെഡിക്കൽ കോളേജിലാണ് സംഘത്തിന്റെ പ്രവർത്തനം. കോട്ടയം മെഡിക്കൽ കോളജിൽ മരിച്ച കോവിഡ് രോഗിയുടെ സംസ്‌കാരത്തിനായി വാങ്ങിയത് പതിനെണ്ണായിരം രൂപ.

കോവിഡ് ബാധിച്ച് ഗുരുതാവസ്ഥയിലാകുന്ന രോഗിയുമായി മെഡിക്കൽ കോളേജിൽ എത്തുന്ന സാഹചര്യത്തിൽ സാധാരണക്കാരും പ്രദേശത്തെ കുറിച്ച് അറിവില്ലാത്തവരുമാണ് ഇവരുടെ കെണിയിലാകുന്നത്.

വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനകളിലെ പ്രവർത്തകർ മൃതദേഹം സംസ്‌കരിക്കാനുൾപ്പടെ സഹായങ്ങളുമായി രംഗത്തുള്ളപ്പോഴാണ് തട്ടിപ്പ് സംഘവും ആളുകളെ വലയിലാക്കുന്നത്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ട വൈക്കം സ്വദേശിനിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനാണ് നാട്ടകത്തെ സ്വകാര്യ സ്ഥാപനം പതിനെണ്ണായിരം രൂപ ഈടാക്കിയെന്നാണ് പരാതി. മരിച്ചയാളുടെ കുടുംബാഗംങ്ങളും കോവിഡ് ബാധിതരായതിനാൽ ബന്ധുക്കളാർക്കും സ്ഥലത്തെത്താനുമായില്ല. ഈ സാഹചര്യം മുതലെടുത്താണ് തട്ടിപ്പ് സംഘം ഇവരെ സമീപിച്ചത്. സന്നദ്ധ പ്രവർത്തകർ സംസ്‌ക്കാരത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ശ്മശാനം ബുക്ക് ചെയ്യുന്നതിനു മറ്റും തടസമുണ്ടാകുമെന്നും മറ്റും ധരിപ്പിച്ചായിരുന്നു പണം തട്ടൽ.

സന്നദ്ധ പ്രവർത്തകർ മൃതദേഹം എത്തിക്കുക മാത്രമെ ചെയ്യൂവെന്നും ശ്മശാന മടക്കം നേരിട്ടെത്തി ബുക്ക് ചെയ്യേണ്ടി വരുമെന്നും തങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യുമെന്നു മായിരുന്നു ഏജന്റ് പറഞ്ഞത്. ഇതനുസരിച്ച് മൃതദേഹം മെഡിക്കൽ കോളജിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള മുട്ടമ്പലത്തെ ശ്മാനത്തിൽ എത്തിക്കുന്നതിന് മാത്രം 13500 രൂപയാണ് ഈടാക്കിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

തുടർന്ന് ശ്മശാനം ബുക്ക് ചെയ്യുന്നതിന് 4000 രൂപയും ഈടാക്കി. മൃതദേഹം എടുക്കുന്നതിന് ഒപ്പമുണ്ടായിരുന്ന ഓരോരുത്തർക്കും 500 രൂപ വീതം നൽകേണ്ടിയും വന്നു. ചിതാഭസ്മം മൺകുടത്തിലാക്കി നൽകുന്നതിന് 500 രൂപയും കൂടി വാങ്ങിയെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

Exit mobile version