രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചന: പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം അഴിച്ചുപണിക്ക് ഒരുങ്ങുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയെ നിയോഗിക്കാനാണ് ഹൈക്കമാന്‍ഡ് ആലോചനയെന്നറിയുന്നു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുടെയോ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായോ ചെന്നിത്തല നിയോഗിക്കപ്പെടും.

കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചില പൊളിച്ചെഴുത്തുകള്‍ ആവശ്യമാണെന്ന് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞിരുന്നു. സംസ്ഥാനങ്ങളിലെ തിരിച്ചടി സംബന്ധിച്ച് സംസ്ഥാന നേതൃത്വം വിശദീകരിക്കണമെന്നും അവര്‍ ആവ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ചെന്നിത്തലയെ നീക്കുന്നത് സംബന്ധിച്ച ആലോചനകള്‍ വരുന്നത്. തോല്‍വി സംബന്ധിച്ച വേഗത്തിലുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിനും സോണിയാ ഗാന്ധി സമിതിയെ നിയോഗിച്ചിരുന്നു.

ചെന്നിത്തല മാറിയാല്‍ വിഡി സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരില്‍ ഒരാള്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. ഇതില്‍ തന്നെ സാധ്യത കൂടുതല്‍ വിഡി സതീശനാണ്. മാറുന്ന പക്ഷം ചെന്നിത്തലയുടെ പിന്തുണയും സതീശനാകാനാണ് സാധ്യത.

ദേശീയ നേതൃത്വത്തില്‍ ചെന്നിത്തല താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അതേ സമയം തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോടോ പ്രവര്‍ത്തകരോടോ മനസ്സ് തുറക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതൃതലത്തിലുള്ള ആശയവിനിമയങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നുമുണ്ട്.

നേരത്തെ ഡല്‍ഹി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച അനുഭവ പരിചയം ചെന്നിത്തലക്കുണ്ട്. നാല്‍പ്പത്തിയെട്ടാം വയസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമായിരുന്ന നേതാവാണ് രമേശ് ചെന്നിത്തല.

പിന്നീടാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കേന്ദ്രീകരിക്കുന്നത്. 26ാം വയസില്‍ എംഎല്‍എയുമായിരുന്നു. 29ാം വയസില്‍ മന്ത്രിയുമായി. 2001ല്‍ ഏഴ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ ട്രാക്ക് റെക്കോര്‍ഡും ചെന്നിത്തലക്കുണ്ട്

Exit mobile version