14 സംസ്ഥാനങ്ങള്‍ക്ക് കോവാക്സിന്‍ നേരിട്ട് നല്‍കുമെന്ന് ഭാരത് ബയോടെക്: കോവിഡ് ഗുരുതരമായിട്ടും ആദ്യഘട്ടത്തില്‍ കേരളത്തിന് ഇല്ല

ന്യൂഡല്‍ഹി: ഭാരത് ബയോടെക് കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല. 25 ലക്ഷം ഡോസ് വാക്‌സീനാണ് കേരളം ആവശ്യപ്പെട്ടത്.

കോവാക്സിന്‍ 14 സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് നല്‍കുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. കോവിഡ് ഗുരുതരമായ മഹാരാഷ്ട്രയും ഡല്‍ഹിയും ഗുജറാത്തുമടക്കം 14 സംസ്ഥാനങ്ങളുടെ പട്ടിക ഭാരത് ബയോടെക് പുറത്ത് വിട്ടു.

ഭാരത് ബയോടെക്കുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മെയ് ആദ്യം മുതല്‍ നേരിട്ട് വാക്‌സീന്‍ നല്‍കിവരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ആന്ധ്രയും, തെലങ്കാനയും തമിഴ്‌നാടുമാണുള്ളത്. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളവും കര്‍ണാടകയും ഉള്‍പ്പെട്ടിട്ടില്ല.

അതേസമയം മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ച് പരിഗണിക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചു.

വാക്സിനുകള്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ജിഎസ്ടി ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞത്.

വാക്‌സിന് അഞ്ച് ശതമാനം നികുതിയും മരുന്നിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററിനും 12 ശതമാനം വീതം നികുതിയുമാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നികുതി ഒഴിവാക്കുന്നത് വാക്‌സിന്‍ വില കൂട്ടാന്‍ കാരണമാകുമെന്നാണ് ധനമന്ത്രി പറഞ്ഞത്. ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version