ജീവനക്കാരുടെ ജീവന് പുല്ലുവില കല്‍പ്പിച്ച് മലബാര്‍ സിമന്റ്‌സ്: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി കമ്പനിയുടെ പ്രവര്‍ത്തനം; പരാതിപ്പെട്ട ജീവനക്കാര്‍ക്കെതിരെ എംഡിയുടെ പ്രതികാര നടപടി

പാലക്കാട്: കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നതിനിടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി മലബാര്‍ സിമന്റ്‌സ് അധികൃതര്‍. മെയ് 8 മുതല്‍ 16ാം തിയ്യതി വരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കാതെ ജീവനക്കാര്‍ക്ക് അവധി പോലും അനുവദിക്കാതെയാണ് മലബാര്‍ സിമന്റ്‌സ് എംഡി മുഹമ്മദാലിയും കമ്പനി സെക്രട്ടറി റാഷിദും തൊഴിലാളികള്‍ക്ക് നേരെ പ്രതികാര നടപടി സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്.

ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നടപടികളൊന്നും തന്നെ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ജീവനക്കാര്‍ സാഹചര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികാര നടപടിയായി എംഡി കമ്പനിയുടെ പ്രവര്‍ത്തനസമയം സാധാരണപോലെ നടക്കുന്നതായിരിക്കുമെന്നു ജീവനക്കാര്‍ കൃത്യമായി ഹാജരാകണമെന്നും അനുവാദമില്ലാതെ അവധിയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി കമ്പനി എംഡി നോട്ടീസ് ഇറക്കി. പാലക്കാട് ടൗണില്‍ നിന്ന് പുറത്തുവരുന്നവര്‍ ഐഡി കാര്‍ഡ് കൈവശം വയ്ക്കണമെന്നും നിര്‍ദേശിക്കുന്നു.

കോവിഡ് സാഹചര്യത്തില്‍ കേരളത്തിലുള്ള ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളും തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ചകള്‍ നടത്തി പല ക്രമീകരണങ്ങള്‍ നടത്തിയാണ് ഈ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മലബാര്‍ സിമെന്റ്‌സില്‍ ഒരു ക്രമീകരണവും നടത്തിയിട്ടില്ല എന്ന് മാത്രമല്ല, കോവിഡ് മൂര്‍ദ്ധന്യത്തില്‍ ഉള്ള കോയമ്പത്തൂര്‍ നിന്നും അടക്കം ജീവനക്കാര്‍ ഇവിടെ ജോലിക്ക് വരുന്നുണ്ട്.

കഴിഞ്ഞ മാസം മൈന്റന്‍സ് പണിക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 200ല്‍ പരം ജീവനക്കാര്‍ ജോലിക്ക് വന്നതും ഒരു മാനദണ്ഡവും പാലിക്കാതെ കമ്പനി ജീവനക്കാര്‍ കോവിഡ് പോസിറ്റീവ് ആയ സാഹചര്യം വന്നിരുന്നു, ഇത് ജീവനക്കാരുടെ ഇടയില്‍ ഇത് വന്‍ പ്രതിക്ഷേധത്തിന് ഇടവന്നിട്ടുണ്ട്.

കഴിഞ്ഞ ലോക്ഡൗണില്‍ 10% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിപ്പിച്ച കമ്പനിയാണ് മലബാര്‍ സിമെന്റ്‌സ്. ഈ സാഹചര്യത്തില്‍ ഇതുവരെ ഇല്ലാത്ത രീതിയില്‍ കമ്പനി ഇറക്കിയ നോട്ടീസില്‍ ജീവനക്കാരുടെ ഇടയില്‍ ശക്തമായ പ്രതിഷേധം നിലനിക്കുന്നു. ജീവന്‍ രക്ഷക്ക് വേണ്ടി തൊഴിലാളികള്‍ കുടുംബസമേതം പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ഉത്തരവ് GO(RF) NO 391/2021DMD പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങള്‍ 25 ശതമാനം ജീവനക്കാര്‍ വീതം ക്രമീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം മലബാര്‍ സിമന്റ്‌സിലും നടപ്പാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു. മാത്രമല്ല ക്വാറന്റൈന്‍ അവധി ജീവനക്കാര്‍ക്കും 250 ഓളം വരുന്ന ദിവസ വേതനക്കാര്‍ക്കുള്‍പ്പടെ നടപ്പാക്കി കോവിഡിന്റെ സാമൂഹിക വ്യാപനം തടഞ്ഞ് സുരക്ഷിത തൊഴിലിടമാക്കണമെന്നും ജീവനക്കാര്‍ പരാതിയില്‍പ്പറയുന്നു.

കമ്പനി അധികൃതര്‍ പ്രതികാര നടപടി തുടരുകയാണെങ്കില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വ്യവസായമന്ത്രി എന്നിവര്‍ക്ക് കൂടി പരാതിപ്പെടാനുള്ള ഒരുക്കത്തിലാണെന്ന് തൊഴിലാളികള്‍ പറയുന്നു.

Exit mobile version