മാസ്‌ക്കിടാതെ, വാക്‌സീന്‍ എടുക്കാതെ നടക്കുന്നവരെ കൈയ്യോടെ പിടികൂടാന്‍ നേരിട്ടിറങ്ങി കലക്ടര്‍

തേനി: മാസ്‌ക്കില്ലാതെ സഞ്ചരിക്കുന്നവരെയും വാക്‌സീന്‍ എടുക്കാത്തവരെയും കൈയ്യോടെ പിടികൂടാന്‍ നേരിട്ടിറങ്ങി ജില്ലാ കളക്ടര്‍. തമിഴ്‌നാട്ടിലെ തേനി കലക്ടര്‍ കെവി മുരളീധരനാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരെ തേടി തെരുവിലിറങ്ങിയത്.

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെ മിക്കവരും മാസ്‌ക്ക് ഉപേക്ഷിച്ചു തുടങ്ങിയിരുന്നു. ഇതിനിടെയാണ് പുതിയ വകഭേദം ഒമിക്രോണിന്റെ വരവ്. ഇതോടെ മാസ്‌ക്ക്, വാക്‌സീന്‍ എന്നിവയുടെ ആവശ്യകത സംബന്ധിച്ച് ബോധവത്ക്കരണം വീണ്ടും കാര്യക്ഷമമാക്കി. എന്നിട്ടും ആളുകള്‍ ഇത് ലംഘിക്കുന്നത് പതിവായതോടെയാണ് കളക്ടര്‍ നേരിട്ട് പരിശോധനക്ക് ഇറങ്ങിയത്.

ആണ്ടിപ്പെട്ടി ഭാഗത്ത് വാക്‌സീന്‍ ക്യാമ്പില്‍ എത്തിയപ്പോള്‍ മാസ്‌ക്കില്ലാതെ നിരവധി ആളുകള്‍ സഞ്ചരിക്കുന്നത് കണ്ടു. തുടര്‍ന്ന് ഇരു ചക്ര വാഹനങ്ങളും ബസുകളും തടഞ്ഞു നിര്‍ത്തി കളക്ടര്‍ തന്നെ പരിശോധന നടത്തി.

നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ ശാസിക്കുകയും ഫൈന്‍ ഈടാക്കാന്‍ ഒപ്പമുണ്ടായിരുന്ന തഹസില്‍ദാരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ബസിലെ തന്റെ പെരുമാറ്റം കണ്ട് പേടിച്ച കുട്ടിയെ ആശ്വസിപ്പിക്കാനും കളക്ടര്‍ മറന്നില്ല. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തേനി കളക്ടര്‍ കെവി മുരളീധരന്റെ തീരുമാനം.

Exit mobile version