മൂവായിരം പേര്‍ക്ക് 50 രൂപക്ക് സാരി, കോവിഡ് മറന്ന് തടിച്ചുകൂടിയത് അയ്യായിരം സ്ത്രീകള്‍; ഉദ്ഘാടന ഓഫര്‍ പ്രഖ്യാപിച്ച ഉടമയ്ക്ക് എട്ടിന്റെ പണി

തെങ്കാശി: ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആദ്യമെത്തുന്ന 3000 പേര്‍ക്ക് 50 രൂപക്ക് സാരി വാഗ്ദാനം ചെയ്തു, കോവിഡ് പോലും മറന്ന് തടിച്ചുകൂടിയത് 5000 ത്തോളം സ്ത്രീകള്‍. കടയുടമയ്ക്ക് 10,000 രൂപ പിഴ ഇട്ട് പോലീസ്.

തമിഴ്‌നാട് ആലങ്കുളം വസ്ത്രവ്യാപാര കേന്ദ്രത്തിലാണ് സംഭവം. താലൂക്ക് ഓഫിസിന് എതിര്‍വശത്തും പോലീസ് സ്‌റ്റേഷനില്‍ നിന്ന് 800 മീറ്റര്‍ അകലെയുമാണ് വസ്ത്രവ്യാപാരശാല. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആദ്യമെത്തുന്ന 3000 പേര്‍ക്ക് 50 രൂപക്ക് സാരി വില്‍ക്കുമെന്നായിരുന്നു ഓഫര്‍.

ഉദ്ഘാടനത്തിന് മുമ്പുതന്നെ തിരുനെല്‍വേലി-തെങ്കാശി ദേശീയപാതയില്‍ 50 രൂപയുടെ സാരി പരാമര്‍ശിക്കുന്ന ബാനര്‍ ഉയര്‍ത്തിയിരുന്നു. ഉദ്ഘാടന ദിവസം രാവിലെ തന്നെ തൊട്ടടുത്ത ഗ്രാമത്തില്‍നിന്നുപോലും സ്ത്രീകള്‍ ആലംകുളത്തെത്തിയിരുന്നു.

അഡീഷനല്‍ പോലീസ് സൂപ്രണ്ട് രാജേന്ദ്രന്‍, തെങ്കാശി എംഎല്‍എ പളനി നാടാര്‍, തമിഴ്‌നാട് വാനികര്‍ സങ്കന്‍കാലിന്‍ പേരമൈപ്പ് പ്രസിഡന്റ് വിരകമരാജ എന്നിവരാണ് കടയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ‘സാരി വാങ്ങാന്‍ എത്തിയ സ്ത്രീകള്‍ ആരും മാസ്‌ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലവും പാലിച്ചിരുന്നില്ല. തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസുകാരെയും വിന്യസിച്ചിരുന്നു’ -ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ കടയുടമക്ക് 10,000 രൂപ പിഴയിട്ടു. കൂടാതെ കടയുടമക്കും മാനേജര്‍ക്കുമെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കുകയും ചെയ്തു

Exit mobile version