ഓസ്‌ട്രേലിയയില്‍ തേനീച്ചകള്‍ക്ക് ലോക്ക്ഡൗണ്‍

Honey bee | Bignewslive

സിഡ്‌നി : കോവിഡ് മൂലം ലോകമെങ്ങും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും രണ്ടര വര്‍ഷത്തോളം ആരും പുറത്തിറങ്ങാതെയിരുന്നതുമൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ നാമോര്‍ക്കുന്ന കാര്യങ്ങളാണ്. പക്ഷേ ഇക്കാലയളവിലൊന്നും തന്നെ പക്ഷികള്‍ക്കോ മൃഗങ്ങള്‍ക്കോ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി അധികം കേട്ടുകേള്‍വിയില്ല. എന്നാലിപ്പോളിതാ അതും സംഭവിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയില്‍.

തേനീച്ചകള്‍ക്കാണ് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പക്ഷേ കോവിഡ് മൂലമല്ല, വറോവ ഡിസ്ട്രക്ടര്‍ എന്ന പാരസൈറ്റിന്റെ വ്യാപനം മൂലമാണ്. കര്‍ഷകര്‍ തേനീച്ചകളെയോ തേനീച്ചക്കൂടുകളോ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനാണ് നിരോധനം.

സിഡ്‌നിയ്ക്കടുത്ത് ഒരു തുറമുഖത്താണ് ആദ്യമായി വറോവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ പിന്നീട് ഇവിടെ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് തേനീച്ചക്കൂടുകളില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ തേനീച്ചകള്‍ക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

എള്ളിന്റെ വലിപ്പം മാത്രമുള്ള ചെറിയ ചെള്ളുകളാണ് വറോവ. ഇവ തേനീച്ചകളുടെ ശരീരത്തില്‍ കയറിക്കൂടി ഇവയുടെ നീരൂറ്റിക്കുടിക്കുകയാണ് ചെയ്യുക. വ്യാപക ആക്രമണമുണ്ടായാല്‍ തേനീച്ചകളുടെ കോളനി തന്നെ ഇല്ലാതാകുകയും ഇത് മില്യണ്‍ ഡോളറുകളുടെ തേന്‍ നിര്‍മാണത്തെ കാര്യമായി ബാധിക്കുകയും ചെയ്യും.

Also read : നാസി കൂട്ടക്കൊല : 101കാരനായ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‌ തടവ് ശിക്ഷ

ലക്ഷക്കണക്കിന് തേനീച്ചകളെയാണ് നിലവില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ചെള്ളുകളെ കണ്ടെത്തിയ പ്രദേശത്തിന് 10 കിമി ചുറ്റളവിനുള്ളിലുള്ള കുറേയധികം തേനീച്ചകളെ കൊന്നൊടുക്കേണ്ടതായും വരുമെന്നാണ് വിവരം. ഓസ്‌ട്രേലിയയുടെ ഭക്ഷ്യോല്‍പാദനത്തില്‍ മൂന്നിലൊന്നും തേനീച്ച കൃഷിയെ ആശ്രയിച്ചാണിരിക്കുന്നത്.

Exit mobile version