ലോക്ഡൗണ്‍ അതികഠിനം : ഭക്ഷണമില്ല, ജനലുകള്‍ക്കരികില്‍ നിന്ന് അലറി വിളിച്ച് ജനങ്ങള്‍, ഷാങ്ഹായിലെ കാഴ്ചകള്‍

ഷാങ്ഹായ് : കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ചൈനീസ് നഗരം ഷാങ്ഹായില്‍ നിന്നെത്തുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. ഭക്ഷണമോ മരുന്നോ കിട്ടാനില്ലാതെ നാല് ചുവരുകള്‍ക്കുള്ളില്‍ ആഴ്ചകളായി അടച്ചു പൂട്ടിയിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ജനങ്ങള്‍.

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോകളുമെല്ലാം ഷാങ്ഹായിലെ ജനങ്ങളുടെ ദയനീയാവസ്ഥ കൃത്യമായി വിവരിച്ച് കാട്ടുന്നുണ്ട്. കടുത്ത പട്ടിണി മൂലം ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ ഒരാള്‍ പോലീസിനോടാവശ്യപ്പെട്ടത് എങ്ങനെയെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നായിരുന്നത്രേ. ജയിലിലെങ്കിലും ഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ജീവന്‍ പോലും പണയം വെച്ച് അയാളാ സാഹസത്തിന് തുനിഞ്ഞത്. ക്വാറന്റൈനിലിരിക്കാന്‍ നിര്‍ബന്ധിതനായ ഒരാളുടെ വളര്‍ത്തുനായയെ നോക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ അതിനെ ക്രൂരമായി മര്‍ദിച്ച് കൊന്ന സംഭവം വലിയ വാര്‍ത്തയായിരുന്നു. നായ വേദന കൊണ്ട് അലറിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളെ ഒന്നടങ്കം ഈറനണിയിച്ചിരുന്നു.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഒരു വലിയ പ്രദേശത്ത് ആളുകള്‍ ഭക്ഷണത്തിനായി അലറി വിളിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത്തരം നിരവധി വീഡിയോകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തെത്തുന്നത്.

അവശ്യമരുന്നുകള്‍ക്കായും ഭക്ഷണത്തിനായും മൃതശരീരങ്ങള്‍ കുഴിച്ചിടാന്‍ സ്ഥലത്തിനായും വരെ ജനം ബുദ്ധിമുട്ടുകയാണ്. രണ്ട് കോടിയിലധികമാണ് ഷാങ്ഹായിലെ ജനസംഖ്യ. ചൈനയുടെ വാണിജ്യ ഹബ് കൂടിയായ ഷാങ്ഹായിലെ ലോക്ഡൗണ്‍ രാജ്യത്തിന്റെ സാമ്പത്തികനിലയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Exit mobile version