ഫീസടയ്ക്കാന്‍ പണമില്ലാതെ വിഷമിച്ച ആതിരയ്ക്ക് താങ്ങായി ‘അക്ഷരത്തണല്‍’;പഴയ പത്രം തൂക്കി വിറ്റ് വിദ്യാര്‍ത്ഥിനിക്ക് പണം നല്‍കി ഒരു നാടിന്റെ നന്മ

പഴയ ന്യൂസ് പേപ്പര്‍ ആതിരയ്ക്ക് പാഴ്‌പേപ്പറുകളല്ല, പഠനത്തിന് തണലൊരുക്കിയ ജീവവായു തന്നെയാണ്.

ആര്യനാട്: പഴയ ന്യൂസ് പേപ്പര്‍ ആതിരയ്ക്ക് പാഴ്‌പേപ്പറുകളല്ല, പഠനത്തിന് തണലൊരുക്കിയ ജീവവായു തന്നെയാണ്. പഴയ ന്യൂസ് പേപ്പറുകള്‍ ശേഖരിച്ച് വിറ്റ തുക വിദ്യാര്‍ത്ഥിനിക്ക് പഠന സഹായത്തിന് കൈമാറിയിരിക്കുകയാണ് നാട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്‌ഐയുടെ പഠന സഹായ പദ്ധതി ‘അക്ഷരത്തണലി’ലൂടെയാണ് ഡിഫാം വിദ്യാര്‍ത്ഥിനി ആതിരയ്ക്ക് തുടര്‍പഠനത്തിന് യുവ കൂട്ടായ്മ പണം കണ്ടെത്തി നല്‍കിയത്. ആദ്യഘട്ട ഫീസടയ്ക്കാന്‍ കഴിയാതിരുന്നതിനാല്‍ ആതിരയ്ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ഇതറിഞ്ഞ ഉഴമലയ്ക്കല്‍ മേഖലാ കമ്മിറ്റിയാണ് സഹായവുമായി രംഗത്തെത്തിയത്.

കുടുംബത്തിന്റെ ബുദ്ധിമുട്ടറിഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നാമമാത്രമായ ദിവസങ്ങള്‍ക്കുള്ളില്‍ വലിയൊരു തുക സമാഹരിച്ച് നല്‍കിയത് നാടിനു വലിയ മാതൃകയായിരിക്കുകയാണ്. തുക കണ്ടെത്താനായി നിരവധി പദ്ധതികള്‍ ആലോചിച്ചെങ്കിലും ഒടുവില്‍ പ്രദേശങ്ങളിലെ വീടുവീടാന്തരമെത്തി പഴയ പത്രക്കടലാസുകള്‍ ശേഖരിച്ച് തുക കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു.

മേഖലാ കമ്മിറ്റിയുടെ പരിധിയിലുള്ള 15 യൂണിറ്റ് ദൗത്യം ഏറ്റെടുത്തു. അങ്ങനെ ഒരുകൂട്ടം ചെറുപ്പക്കാര്‍ നന്മയുടെ സന്ദേശം പകര്‍ന്ന് വീടുവീടാന്തരം കയറിയിറങ്ങി. അഞ്ചു ദിവസത്തെ ഉദ്യമത്തില്‍ നിന്ന് 6800 കിലോ ന്യൂസ് പേപ്പറാണ് ശേഖരിച്ചത്. ഇവ ആക്രി വ്യാപാര കടയിലെത്തിച്ച് പണമാക്കി.

66000 രൂപയാണ് ലഭിച്ചത്. ചലനശേഷി നഷ്ടപ്പെട്ട രാധാകൃഷ്ണന് വീല്‍ചെയറും ഡിവൈഎഫ്‌ഐ വാങ്ങി നല്‍കി. മേഖലാ കമ്മിറ്റിയുടെ നിശാപഠന ക്ലാസില്‍വച്ച് വീല്‍ചെയറും ധനസഹായവും വിതരണം ചെയ്തു.ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു നിശാപഠന ക്ലാസ് ഉദ്ഘാടനംചെയ്തു.സിപിഐ എം വിതുര ഏരിയ സെക്രട്ടറി എന്‍ ഷൗക്കത്തലി ആതിരയ്ക്ക് പഠനസഹായം നല്‍കി. ഉഴമലയ്ക്കല്‍ ലോക്കല്‍ സെക്രട്ടറി ഇ ജയരാജ് വീല്‍ചെയര്‍ നല്‍കി.

Exit mobile version