ആശങ്കകള്‍ അവസാനിക്കുന്നില്ല; സംസ്ഥാനത്ത് എച്ച്1എന്‍1 വ്യാപകം; മരിച്ചത് 53പേര്‍

നാലുവയസ്സുകാരന്‍ ഉള്‍പ്പെടെ ശനിയാഴ്ച മൂന്നുപേരാണ് രോഗം ബാധിച്ച് മരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഭീതി പടര്‍ത്തി പനിക്കാലം. സംസ്ഥാനത്തൊട്ടാകെ എച്ച്1 എന്‍1 വ്യാപിക്കുകയാണ്. നാലുവയസ്സുകാരന്‍ ഉള്‍പ്പെടെ ശനിയാഴ്ച മൂന്നുപേരാണ് രോഗം ബാധിച്ച് മരിച്ചത്. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി സൂരജ് കൃഷ്ണന്‍ (നാല്), കൊല്ലം കൊറ്റങ്കര സ്വദേശി സ്‌റ്റൈഫി (23), കോഴിക്കോട് ഇരിങ്ങാല്‍ സ്വദേശി സുധ (37) എന്നിവരാണ് മരിച്ചത്. ഇതോടെ ഇക്കൊല്ലം എച്ച്1 എന്‍1 ബാധിച്ച് സംസ്ഥാനത്ത് 53 പേര്‍ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

എന്നാല്‍, സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി വരുമ്പോള്‍ മരണസംഖ്യ ഉയരും. പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിന്റെയും വിവിധ തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടക്കുമ്പോഴും രോഗവ്യാപനത്തിന് കുറവില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ തിരുവനന്തപുരം, വിളപ്പില്‍ പഞ്ചായത്ത് പ്രദേശത്ത് ഭിന്നശേഷിക്കാരായ നാലുപേര്‍ അടുത്തിടെ മരിച്ചത് എച്ച്1എന്‍1 ആണെന്ന ഭീതി പരന്നിരുന്നു.

എന്നാല്‍, ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍, മരിച്ചവരില്‍ ഒരു കുട്ടി ഒഴികെയുള്ളവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമായതെന്ന് ബോധ്യപ്പെട്ടു. കുട്ടിക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചിരുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എച്ച്1 എന്‍1 പനിക്കെതിരെ പൊതുജനം കൂടുതല്‍ ജാഗ്രതപാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

Exit mobile version