കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തലശ്ശേരിയിലെ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം; ഗർഭസ്ഥ ശിശുവിനേയും രക്ഷിക്കാനായില്ല; കണ്ണീരായി മഹ ബഷീർ

തലശ്ശേരി: കോവിഡാനന്തര ചികിത്സയിലിരിക്കെ ഗർഭിണിയായ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാർട്ടേഴ്‌സിനു പിറകിലെ നബാംസ് വീട്ടിൽ ഡോ. സിസി മഹ ബഷീറാണ് (25) മരണപ്പെട്ടത്. ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടുദിവസം മുൻപ് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു.

മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു മഹ ചൊവ്വാഴ്ച രാവിലെ ആറോടെയാണ് മരിച്ചത്. അഞ്ചുമാസം ഗർഭിണിയായിരുന്ന മഹയുടെ കുഞ്ഞിനെ രക്ഷിക്കാനും സാധിക്കാതെ പോയത് കണ്ണീരായി.

മംഗളൂരു തൊക്കോട്ട് ദേർളക്കട്ട കണച്ചൂർ മെഡിക്കൽ കോളേജിൽ എംഡിക്ക് പഠിക്കുകയായിരുന്നു ഇവർ. പാലിശ്ശേരിയിലെ സിസി അബ്ദുൾ ബഷീറിന്റെയും നസറിയ ബഷീറിന്റെയും മകളും കാസർകോട് മേൽപ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയുമാണ്.

സഹോദരങ്ങൾ: മാസിൻ ബഷീർ, മിസ്‌നാൻ ബഷീർ, മിലാസ് ബഷീർ. മൃതദേഹം തലശ്ശേരിയിൽ എത്തിച്ച് സ്റ്റേഡിയം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.

Exit mobile version