കോവിഡ് ഗുരുതരമാണെങ്കിൽ മാത്രം ആശുപത്രി വാസം ഉറപ്പാക്കും; നേരിയ അസുഖമുള്ളവർക്ക് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ചെയ്യാതെ ഡിസ്ചാർജ്; പുതുക്കിയ ഡിസ്ചാർജ് മാർഗ രേഖ ഇങ്ങനെ

രോഗലക്ഷണമില്ലെങ്കിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താതെ തന്നെ ഡിസ്ചാർജ്; 17 ദിവസം ഹോം ക്വാറന്റീൻ

kk-shailaja_

തിരുവനന്തപുരം: ആശുപത്രികളിൽ കോവിഡ് രോഗികൾ നിറയുന്നതും ചികിത്സാ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുമായി ഡിസ്ചാർജ് മാർഗരേഖ പുതുക്കി സംസ്ഥാന സർക്കാർ. കോവിഡ് 19 രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാർജ് മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചത്. എത്രയും വേഗം കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ഈ പുതുക്കിയ മാർഗരേഖ നടപ്പിലാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നേരിയ (മൈൽഡ്), മിതമായ (മോഡറേറ്റ്), ഗുരുതര (സിവിയർ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കോവിഡ് രോഗികൾക്ക് ഇനി മുതൽ ആശുപത്രികളിൽ വിദഗ്ധ ചികിത്സ നൽകുന്നത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് 94 ന് മുകളിലുള്ള രോഗികളാണ് മൈൽഡ് വിഭാഗത്തിൽ വരിക. ഓക്‌സിജന്റെ അളവ് 91 മുതൽ 94 വരെയുള്ള രോഗികളെ മോഡറേറ്റ് വിഭാഗത്തിലും, ഓക്‌സിജന്റെ അളവ് 90ന് താഴെയുള്ള രോഗികളെ സിവിയർ വിഭാഗത്തിലുമാണ് പെടുത്തിയിരിക്കുന്നത്. മൈൽഡ് വിഭാഗത്തിലും മോഡറേറ്റ് വിഭാഗത്തിലുമുള്ള രോഗികളെ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ചെയ്യാതെ തന്നെ ഇനി പറയുന്ന നിർദേശങ്ങളനുസരിച്ച് ഡിസ്ചാർജ് ചെയ്യാവുന്നതാണ്.

നേരിയ അസുഖമുള്ളവർക്ക്(Mild Disease) 72 മണിക്കൂർ രോഗലക്ഷണങ്ങളൊന്നും തന്നെ കാണാതിരുന്നാൽ ചികിത്സാ കേന്ദ്രത്തിൽ നിന്നും ഡിസ്ചാർജ് ചെയ്ത് ഹോം ഐസൊലേഷനിൽ വിടുന്നതാണ്. ഇവർ രോഗ ലക്ഷണങ്ങൾ ഉണ്ടായ ദിവസം മുതൽ 17 ദിവസം കഴിയുന്നതുവരെ ഹോം ഐസൊലേഷനിൽ തുടരേണ്ടതാണ്. ഈ രോഗികൾ ദിവസവും നെഞ്ചുവേദന, ശ്വാസതടസം, കഫത്തിലെ രക്തത്തിന്റെ അംശം, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, തീവ്രമായ പനി, അമിതമായ ക്ഷീണം തുടങ്ങിയ എന്തെങ്കിലും അപായ സൂചനകൾ ഉണ്ടോയെന്ന് നിരീക്ഷിക്കേണ്ടതാണ്. ഇത്തരം അപായ സൂചനകൾ കാണുകയാണെങ്കിൽ എത്രയും വേഗം ദിശ 1056 ലോ ഡിസ്ചാർജ് ചെയ്ത ആശുപത്രിയിലോ വിവരം അറിയിക്കണം. കൂടാതെ പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് പരിശോധിക്കുമ്പോൾ രക്തത്തിലെ ഓക്‌സിജന്റ് അളവ് 94ൽ കുറയുകയോ അല്ലെങ്കിൽ 6 മിനിറ്റ് നടന്ന ശേഷം രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതായോ ശ്രദ്ധയിൽ പെട്ടാൽ വിവരം അറിയിക്കേണ്ടതാണ്.

മിതമായ അസുഖ(Moderate Disease)മുള്ള രോഗികൾക്ക് 3 ദിവസം രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നാൽ ആന്റിജൻ പരിശോധന കൂടാതെ ഡിസ്ചാർജ് ചെയ്യാവുന്നതാണ്. ഇവരെ ചികിത്സിക്കുന്ന കോവിഡ് കേന്ദ്രത്തിൽ നിന്നും റൂം ഐസൊലേഷൻ, സിഎഫ്എൽടിസി, സിഎസ്എൽടിസി എന്നിവിടങ്ങളിലേക്ക് മാറ്റും. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം 72 മണിക്കൂർ പനി, ശ്വാസതടസം, ഓക്‌സിജന്റെ ആവശ്യം, അമിത ക്ഷീണം, എന്നിവ ഇല്ലാതിരിക്കുന്നവരേയാണ് ഡിസ്ചാർജ് ചെയ്യുന്നത്. റൂം ഐസൊലേഷനിൽ വിട്ട രോഗികൾ മുകളിൽ പറഞ്ഞ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

ഗുരുതര അസുഖ(Severe Disease)മുള്ളവർ, എച്ച്‌ഐവി പോസിറ്റീവ് ആയവർ, അവയവം മാറ്റിവച്ച രോഗികൾ, വൃക്കരോഗികൾ, കരൾ രോഗികൾ, കാൻസർ രോഗികൾ എന്നിവർക്ക് രോഗ ലക്ഷണം തുടങ്ങിയതു മുതൽ 14ാം ദിവസം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതാണ്. ഇങ്ങനെ നടത്തുന്ന പരിശോധനയിൽ നെഗറ്റീവാകുകയും 3 ദിവസം രോഗലക്ഷണങ്ങളൊന്നും തന്നെയില്ലെങ്കിലും ക്ലിനിക്കലി സ്റ്റേബിൾ ആണെങ്കിലും ഡിസ്ചാർജ് ചെയ്യാവുന്നതാണ്. റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവായവരെ നെഗറ്റീവാകുന്നതുവരെ 48 മണിക്കൂർ ഇടവിട്ട് പരിശോധന നടത്തേണ്ടതാണെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

Exit mobile version