സനു മോഹന്‍ കര്‍ണാടകയില്‍ പിടിയിലായി; വൈഗയുടെ മരണത്തിലെ ദുരൂഹത പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍

കൊച്ചി: മകളുടെ മരണത്തിന് ശേഷം ഒളിവില്‍ പോയ സനു മോഹന്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്നാണ് പിടിയിലായത്. രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും.

മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍ സനു മോഹന്‍ കൊല്ലൂരില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.

സനു മോഹന്‍ കൊല്ലൂര്‍ വനമേഖലയിലേക്ക് കടന്നു എന്ന സംശയം ബലമാകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. നിര്‍ണായക വഴിത്തിരിവ്. കര്‍ണാടക പോലീസിന്റെ സഹായതോടെയാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര പരിസരത്ത് സനുമോഹന്‍ താമസിച്ചിരുന്നെന്ന വിവരം കിട്ടിയതോടെ കര്‍ണാടക പൊലീസിനോട് കേരള പൊലീസ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ന് രാത്രിയിലോ നാളെ രാവിലെയോ ഇയാളെ കേരളത്തിലെത്തിക്കും.

ഏപ്രില്‍ 10 മുതല്‍ 16-ാം തീയതി രാവിലെ 8.45 വരെ സനു മോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കിയ വിവരം. മാന്യമായാണ് പെരുമാറിയത്. അതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.

ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തില്‍ പോകാന്‍ സനു മോഹന്‍ ടാക്സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടല്‍ മാനേജര്‍ ടാക്സി ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജില്‍ തിരികെ വന്നില്ല. ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാള്‍ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. മുറിയില്‍ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല.

സനു ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വൈഗയുടെ മരണത്തില്‍ പോലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നല്‍കാതെ മുങ്ങിയതെന്ന് മനസിലായത്.

മാര്‍ച്ച് 21-നാണ് സനുമോഹനെയും മകള്‍ വൈഗയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് സനു മോഹന്‍ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.

Exit mobile version