സുഹൃത്തിന്റെ പിതാവിന് കരൾ പകുത്ത് നൽകി; ശസ്ത്രക്രിയയ്ക്കിടെ പക്ഷാഘാതം വന്നതോടെ കൈയ്യൊഴിഞ്ഞ് സുഹൃത്ത്; ലക്ഷങ്ങളുടെ ചികിത്സയ്ക്ക് വഴിയില്ലാതെ കിടപ്പിലായി രഞ്ജു; വേണം സുമനസുകളുടെ കരുതൽ

കൊച്ചി: ഗുരുതരാവസ്ഥയിലായ സുഹൃത്തിന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം കരൾ പകുത്തുനൽകിയ യുവാവ് ദുരിതക്കയത്തിൽ. ചികിത്സയ്ക്കിടെ പക്ഷാഘാതം (സ്‌പൈനൽ സ്‌ട്രോക്ക്) വന്നതോടെ സുഹൃത്തും പിതാവും യുവാവിനെ കൈയ്യൊഴിയുകയായിരുന്നു.

മറ്റൊരു ജീവൻ രക്ഷിക്കാനായി രക്തബന്ധമൊന്നും ഇല്ലാതിരുന്നിട്ടുപോലും സ്വന്തം കരൾ പകുത്തുനൽകാൻ സന്മനസ് കാണിച്ച തിരുവനന്തപുരം സ്വദേശി രഞ്ജു(42)വാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. സുഹൃത്തിന്റെ പിതാവിനാണ് കരൾ പകുത്തുനൽകിയ ശസ്ത്രക്രിയ കഴിഞ്ഞതോടെ രഞ്ജു കിടപ്പിലായി. എട്ടു മാസത്തിലധികമായി ചികിത്സയിലാണ് രഞ്ജു.

ബഹ്‌റൈനിൽ ജോലിയുണ്ടായിരുന്ന രഞ്ജു ലീവിനു നാട്ടിലെത്തിയപ്പോഴായിരുന്നു ദുരിതം നിറഞ്ഞ തീരുമാനമെടുത്തത്. തന്റെ പിതാവിന് ഗുരുതര കരൾ രോഗമാണെന്നും ഒരാഴ്ചയ്ക്കകം ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ അപകടമാണെന്നും ഒരു സുഹൃത്ത് അപേക്ഷിച്ചു പറഞ്ഞതോടെ കരൾ പകുത്തുകൊടുക്കാൻ രഞ്ജു തീരുമാനിച്ചു. രഞ്ജുവിന്റെ രക്തഗ്രൂപ്പ് യോജിക്കുന്നതിനാൽ മറ്റൊന്നും ചിന്തിക്കാതെ രഞ്ജു ശസ്ത്രക്രിയയ്ക്ക് തയ്യാറാവുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പക്ഷേ, ഇതു കഴിഞ്ഞതോടെ ജീവിതം കിടക്കയിലായി.

സുഹൃത്ത് കൈയ്യൊഴിഞ്ഞതാണ് രഞ്ജുവിനെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടത്. ആദ്യത്തെ ആശുപത്രിബിൽ സുഹൃത്ത് അടച്ചു. പിന്നീട് വിളിച്ചാൽ ഇവർ ഫോൺപോലും എടുക്കാതായി. വീടന്വേഷിച്ചു ചെന്നെങ്കിലും അവർ അവിടെനിന്നു താമസം മാറി പോയിരുന്നു. രഞ്ജു സ്വന്തം ചെലവിൽ എട്ടുമാസത്തോളം ചികിത്സ നടത്തി. പത്തുലക്ഷത്തോളം രൂപ ഇതിനോടകം ചെലവായി. നിലവിൽ ചികിത്സയുടെ ഭാഗമായി ഇടപ്പള്ളിയിൽ കഴിയുകയാണ് രഞ്ജു.

ദുബായിൽനിന്ന് നാട്ടിൽ കോഴ്‌സ് പഠിക്കാനെത്തിയ സഹോദരിയാണ് രഞ്ജുവിന് കൂട്ടിരിക്കുന്നത്. സഹോദരനെ പരിപാലിക്കേണ്ടതിനാൽ സഹോദരിക്ക് ജോലിക്കുപോകാനും സാധിക്കുന്നില്ല. ബാക്കിയുള്ള സ്വർണാഭരണങ്ങൾ വിറ്റാണ് നിലവിൽ ഈ കുടുംബം ചികിത്സ നടത്തുന്നത്. നല്ല ചികിത്സ ലഭിച്ചാൽ എഴുന്നേറ്റു നടക്കാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, സാമ്പത്തികമായി ഇനി ഒന്നും ബാക്കിയില്ലാത്തതിനാൽ രഞ്ജുവിന്റെ ചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്. രഞ്ജുവിനെ സഹായിക്കാൻ ചികിത്സാ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. ഇനി സുമസുകളുടെ സഹായമാണ് ഈ യുവാവിന് വേണ്ടത്.

സൗത്ത് ഇന്ത്യൻ ബാങ്ക് ആറ്റിങ്ങൽ ശാഖയിൽ അക്കൗണ്ട് നമ്പർ: 0114053000109508. ഐഎഫ്എസ്‌സി: SIBL0000114. ഫോൺ: 7012189860.

Exit mobile version