കോവിഡ് ഉയരുന്നു; പ്രാദേശികമായി നിയന്ത്രണങ്ങൾ കടുപ്പിക്കും; കണ്ടെയ്ൻമെന്റ് സോണുകളിൽ 30 വരെ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് പ്രാദേശികമായി നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി. അതത് ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടർമാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

അതേസമയം, പ്രാദേശിക നിയന്ത്രണങ്ങളല്ലാതെ ലോക്ഡൗൺപോലെ കടുത്ത നിയന്ത്രണങ്ങൾ ഇപ്പോൾ പരിഗണനയിലില്ലെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. പൊതുസ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും സന്ദർശകർക്ക് നിയന്ത്രണം കൊണ്ടുവരുന്നത് അടക്കമുള്ള കാര്യങ്ങളാണു നിലവിൽ പരിഗണിക്കുന്നത്.

അനാവശ്യ യാത്രകൾ ഒഴിവാക്കി ജനം സ്വയംനിയന്ത്രണം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. നിയന്ത്രണങ്ങളുടെ ലംഘനം, മാസ്‌ക് ഉപയോഗിക്കാതിരിക്കൽ തുടങ്ങിയവ കണ്ടെത്താൻ പോലീസ് പരിശോധന കർശനമാക്കും.

അഞ്ചാംഘട്ട ലോക്ക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച കേന്ദ്ര മാർഗനിർദേശം ഏപ്രിൽ 30 വരെ തുടരും. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി വിപി ജോയ് കഴിഞ്ഞദിവസം ഉത്തരവിറക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കൂ. 65 വയസ്സ് കഴിഞ്ഞവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും പ്രത്യേക സംരക്ഷണമൊരുക്കും.

Exit mobile version