ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും ഓർക്കേണ്ടത് വോട്ടിങ് ദിനത്തിലല്ല: ശശി തരൂർ

തിരുവനന്തപുരം: ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും ഓർക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്ന് ശശി തരൂർ എംപി. അനാവശ്യമായി ഹെൽമെറ്റും ഫ്‌ലാഗ് ജാക്കറ്റും എല്ലാം ഇട്ട് സന്നിധാനത്ത് അവരെ അയക്കുന്ന സമയത്ത് ഇതെല്ലാം ഓർമിച്ചിരുന്നെങ്കിൽ കേരളത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹംപറഞ്ഞു. മുഖ്യമന്ത്രിയുടെ അയ്യപ്പനും ദേവഗണങ്ങളും എൽഡിഎഫിനൊപ്പം എന്ന പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ശശി തരൂർ.

വോട്ടർമാരെ പറ്റിക്കാനായി വോട്ടിങ് ദിനത്തിൽ ഒരു അയ്യപ്പ വിശ്വാസം വന്നത് താൻ ഗൗരവത്തിൽ എടുക്കുന്നില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ‘ദൈവത്തിന്റെ അനുഗ്രഹം ആഗ്രഹിക്കുന്നവർ വിശ്വാസികളെ ബഹുമാനിച്ചിരുന്നെങ്കിൽ ഈ സ്ഥിതി ആകുമായിരുന്നില്ല. ഞങ്ങൾ പറയുന്നു ശബരിമല ഒരു വിഷയമാണ്. സംസ്ഥാന സർക്കാർ ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കാത്തത് വലിയ കാര്യമാണ് അതാണ് ജനങ്ങൾ കാണുന്നത്. ഇന്ന് അവരുടെ സംസാരം കേൾക്കുമ്പോൾ ഇത് പോര ഇത് വൈകി എന്നാണ് പറയാനുളളത്.’ തരൂർ പറഞ്ഞു.

നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തനിക്ക് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിക്കുമെന്ന് കരുതുന്നതായി തരൂർ വ്യക്തമാക്കി. ഒ രാജഗോപാൽ നല്ല മനുഷ്യനാണെന്നും താൻ ബഹുമാനിക്കുന്നുണ്ടെന്നും പറഞ്ഞ തരൂർ പക്ഷേ അദ്ദേഹം അഞ്ചുവർഷക്കാലം എന്താണ് മണ്ഡലത്തിന് വേണ്ടി ചെയ്തതെന്നും ചോദിച്ചു.

Exit mobile version