ഈ മനുഷ്യന് വേണ്ടി പ്രചരണത്തിന് എത്തണമെന്ന് എനിയ്ക്ക് നിര്‍ബന്ധമായിരുന്നു: അവസാന മണിക്കൂറുകളില്‍ മുരളീധരനെ വാനോളം പുകഴ്ത്തി രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കേരളം അങ്കത്തട്ടിലേക്കിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ
കെ മുരളീധരനെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നേമത്ത് അവസാനഘട്ട പ്രചരണത്തിനെത്തിയതായിരുന്നു അദ്ദേഹം.

കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ താന്‍ നിര്‍ബന്ധമായും എത്തണമെന്ന് കരുതിയത് മുരളീധരന്റെ പ്രചാരണത്തിനായാണെന്ന് രാഹുല്‍ പറഞ്ഞു. മുരളീധരന്‍ പ്രതിനീധികരിക്കുന്നത് കേരളമെന്ന ആശയത്തെയാണെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ ആര്‍ക്കൊക്കെ വേണ്ടി പ്രചരണത്തിനിറങ്ങണമെന്നവരുടെ ലിസ്റ്റ് ഞാന്‍ നോക്കുകയായിരുന്നു. അതില്‍ ഒരാളുടെ പ്രചരണത്തിന് എനിക്ക് പോയെ പറ്റൂ എന്ന് ഞാന്‍ പറഞ്ഞു. അത് വേറെ ആര്‍ക്കും വേണ്ടിയല്ല, ഈ മനുഷ്യന് വേണ്ടിയാണ്’- രാഹുല്‍ പറഞ്ഞു.

മുരളീധരന്‍ കേവലം കോണ്‍ഗ്രസിന്റെ മാത്രം സ്ഥാനാര്‍ത്ഥിയല്ല. അദ്ദേഹം പ്രതിനിധീകരിക്കുന്നത് കേരളം എന്ന ആശയത്തെയാണ്. അദ്ദേഹം മത്സരിക്കുന്നത് വിദ്വേഷത്തിനെതിരെയാണ്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു

നേരത്തെ പ്രിയങ്ക ഗാന്ധി നേമത്ത് പ്രചരണത്തിനെത്താത്തതില്‍ മുരളീധരന്‍ അതൃപ്തി അറിയിച്ചിരുന്നു. പരാതി മുരളീധരന്‍ പ്രിയങ്ക ഗാന്ധിയെ നേരിട്ടറിയിക്കുകയായിരുന്നു.

പ്രിയങ്ക ഗാന്ധി നേമത്ത് പര്യടനം നടത്തിയില്ലെങ്കില്‍ അത് മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതോടെ ഏപ്രില്‍ മൂന്നിന് വീണ്ടുമെത്തുമെന്ന് പ്രിയങ്ക മുരളീധരന് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ റോബര്‍ട്ട് വധേര കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പ്രിയങ്ക ഐസൊലേഷനിലാകുകയായിരുന്നു. തുടര്‍ന്നാണ് പ്രിയങ്കയ്ക്ക് പകരം രാഹുല്‍ എത്തിയത്.

ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനായാണ് വടകര എംപിയായിരുന്ന കെ മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് നേമത്ത് മത്സരിക്കാനായി നിയോഗിച്ചത്.

Exit mobile version