ഇരട്ടവോട്ട് പ്രസിദ്ധീകരിച്ചത് വിദേശ സെർവറിൽ; വോട്ടർമാരുടെ വിവരം ചെന്നിത്തല ചോർത്തി; കടുത്ത വിമർശനവുമായി സിപിഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ഇരട്ട വോട്ടുകളെന്ന പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട വിവരങ്ങൾക്കെതിരെ സിപിഐഎം. വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് ചെന്നിത്തല ഉയർത്തിയ ആരോപണത്തിൽ ഡാറ്റാ പ്രശ്‌നം ഉയർത്തികാണിച്ചിരിക്കുകയാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.

സംഭവം ഗൗരവമുള്ള നിയമപ്രശ്‌നമാണെന്ന് ബേബി പറഞ്ഞു. ഇരട്ടവോട്ട് പ്രസിദ്ധീകരിച്ചത് രാജ്യത്തിന് പുറത്തുള്ള സെർവറിലാണെന്നും ബേബി പറയുന്നു. വോട്ടർമാരുടെ വിവരങ്ങൾ ചെന്നിത്തല ചോർത്തിയെന്നും ബേബി ആരോപിച്ചു. വ്യക്തികളുടെ അനുമതിയില്ലാതെയാണ് വിവരങ്ങൾ വിദേശ കമ്പനിക്ക് കൈമാറിയത്. ഇത്തരത്തിൽ ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ കൈമാറിയതിൽ ഗൗരവമായ നിയമപ്രശ്‌നമുണ്ടെന്നും എംഎ ബേബി ചൂണ്ടിക്കാട്ടി.

നേരത്തെ ഇരട്ടവോട്ടുകൾ ചൂണ്ടിക്കാട്ടി ചെന്നിത്തല പുറത്തുവിട്ട ഓപറേഷൻ ട്വിൻസ് (operation twins.com) എന്ന വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്തിട്ടുള്ളത് വിദേശരാജ്യമായ സിംഗപ്പൂരിലാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിച്ചിരുന്നു.

Exit mobile version