അബദ്ധപഞ്ചാംഗം! ഓപ്പറേഷൻ ട്വിൻസ് എന്ന പേരിൽ പുറത്തുവിട്ട പട്ടികയിൽ വോട്ടർമാരായ ഇരട്ടകളും; 38,000 അല്ല, നാലര ലക്ഷം ഇരട്ടവോട്ടുകൾ തന്നെയെന്ന ചെന്നിത്തലയുടെ വാദം പൊളിയുന്നു

chennithala12

തിരുവനന്തപുരം: വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടാണെന്നും നാലര ലക്ഷം ഇരട്ടവോട്ടുകൾ ഉണ്ടെന്നും കാണിച്ച് പ്രതിപക്ഷ നേതാവ് ചെന്നിത്തല പുറത്തുവിട്ട പട്ടികയിലും വ്യാപക അബദ്ധങ്ങൾ. ഇരട്ടകളായ മുഖസാദൃശ്യമുള്ള സഹോദരങ്ങളെ പോലും ഇരട്ട വോട്ട് എ പേരിൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ട വോട്ടുകൾ സംസ്ഥാനത്ത് ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഓപ്പറേഷൻ ട്വിൻസ് എന്ന പേരിൽ കോൺഗ്രസും രമേശ് ചെന്നിത്തലയും പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

ഓരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളിൽ ചേർത്ത ഇരട്ടവോട്ടർമാരുടെ വിവരങ്ങളും അതേ വോട്ടർമാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിൽ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടർ ഐഡിയിലും ചേർത്ത വോട്ട് വിവരങ്ങളാണ് വെബ്‌സൈറ്റിലൂടെ പുറത്തിവിട്ടിരിക്കുന്നത് എന്നാണ് ചെന്നിത്തലയുടെ അവകാശവാദം.

അതേസമയം, വ്യക്തിപരമായ വിവരങ്ങൾ പരസ്യപ്പെടുത്തി കോൺഗ്രസ് ഡാറ്റ ചോർച്ചയ്ക്ക് മുൻകൈയ്യെടുക്കുകയാണ് എന്ന ആരോപണവും ഉയർന്നിരിക്കുകയാണ്. ഇതോടൊപ്പം ഇരട്ട സഹോദരങ്ങളെ പോലും ഇരട്ടവോട്ടെന്ന പേരിൽ പരസ്യമായി അപമാനിച്ചതും സോഷ്യൽമീഡിയ ചൂണ്ടിക്കാണിക്കുന്നു. കോതമംഗലത്തെ 154ാം ബൂത്തിലെ 34,35 നമ്പറുകളിലായുള്ള വോട്ടർമാരായ ഇരട്ട സഹോദരങ്ങളെ വ്യാജവോട്ടർമാരെന്ന് അപമാനിച്ചിരിക്കുകയാണ് ഈ പട്ടികയിലൂടെ. മുഖസാദൃശ്യം കണ്ടെത്തുന്ന ആപ്പുകളുടെ സഹായത്തോടെ തയ്യാറാക്കിയ പട്ടികയായതിനാലാണ് വ്യാപകമായ ക്രമക്കേട് ഈ പട്ടികയിലും ഉൾപ്പെട്ടിരിക്കുന്നത്.

ഓപ്പറേഷൻ ട്വിൻസിനെ കുറിച്ച് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാല് ലക്ഷത്തി മൂപ്പത്തിനാലായിരം (4,34,000) ഇരട്ടവോട്ടർമാരുടെ പട്ടിക www.operationtwins.com എന്ന വെബ് സൈറ്റിലൂടെ പുറത്ത് വിട്ടു.
ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളിൽ ചേർത്ത ഇരട്ടവോട്ടർമാരുടെ വിവരങ്ങളും അതേ വോട്ടർമാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിൽ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടർ ഐഡിയിലും ചേർത്ത വോട്ട് വിവരങ്ങളാണ് വെബ്‌സൈറ്റിലൂടെ പൊതുജനങ്ങളുടെ മുന്നിലെത്തിച്ചിരിക്കുന്നത് നിയോജകമണ്ഡലത്തിന്റെ നമ്പർ, ബൂത്ത് നമ്പർ, സ്ഥാനാർത്ഥിയുടെ പേര് ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടർ ഐഡി നമ്പർ, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളിൽ ഉള്ള വോട്ടിന്റെ ഐഡി നമ്പർ, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്തനിയോജകമണ്ഡലങ്ങളിൽ ഉള്ള വോട്ടിന്റെ ഐഡി നമ്പർ, വിലാസം എന്നിവയുടെ പട്ടികയാണ് ഈ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുള്ളത്.
മാസങ്ങൾ നീണ്ട അധ്വാനത്തിലൂടെയാണ് ഇരട്ട വോട്ട് സംബന്ധിച്ച വിശദാംശങ്ങൾ ഞങ്ങൾ പുറത്തുകൊണ്ടുവന്നത്. സ്വതന്ത്ര ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ഇത് അനിവാര്യമാണെന്ന് ഞങ്ങൾ കരുതുന്നു. യഥാർത്ഥ വോട്ടർ അറിയാതെയാണ് പലപ്പോഴും ഇരട്ട വോട്ടുകൾ സൃഷ്ടിക്കപ്പെടുന്നത്.
വെബ്‌സൈറ്റിലെ ഈ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കും. ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ പുതിയ അപ്‌ഡേഷനുകളിൽ ഉണ്ടാകും. തിരഞ്ഞെടുപ്പ് കഴിയും വരെ വെബ്‌സൈറ്റിൽ ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കും. എല്ലാ പൊതുപ്രവർത്തകരും വോട്ടർമാരും ഈ സൗകര്യം പ്രയോജനപ്പെടുത്തി കള്ളവോട്ടിനുള്ള സാധ്യതകൾ പരമാവധി തടയണം.

Exit mobile version