ജനാധിപത്യത്തിൽ മുതലാളിമാരല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ട്വന്റി-ട്വന്റിയുടെ കഥ കഴിയും: ചെന്നിത്തല

chennithala

കൊച്ചി: കുന്നത്തുനാട്ടിൽ ട്വന്റി-ട്വന്റി പരാജയപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ട്വന്റി ട്വന്റിയുടെ കഥ കഴിയുമെന്നാണ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പറഞ്ഞത്. ജനാധിപത്യത്തിൽ മുതലാളിമാരല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

നമ്മുടെ മുന്നിലുള്ളത് ഇടതുപക്ഷത്തിനേയും ട്വന്റിട്വന്റെ പാർട്ടിയേയും ഇല്ലാതാക്കാനുള്ള തെരഞ്ഞെടുപ്പാണ്. ജനാധിപത്യത്തിൽ ജനങ്ങളാണ് വലുത്. തീരുമാനിക്കേണ്ടത് മുതലാളിമാരല്ല. ഒറ്റക്കെട്ടായി നിന്ന് കൊണ്ട് പോരാട്ടത്തിന് നേതൃത്വം കൊടുക്കണമെന്നും കുന്നത്തുനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വിപി സജീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ സംസാരിക്കവെ ചെന്നിത്തല പറഞ്ഞു.

ഇത്തവണ ട്വന്റി ട്വന്റിയെ നേരിടണം. ഈ തെരഞ്ഞെടുപ്പോടു കൂടി ട്വന്റി ട്വന്റിയുടെ കഥ കഴിയും. കേരള ജനതയെ പറ്റിക്കാൻ കുറേ മുതലാളിമാർ ഇറങ്ങിയിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കുന്നത്തുനാട്ടിൽ പണഭീമന്മാർക്കെതിരേയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. അവരുടെ വിചാരം എല്ലാം വിലക്ക് വാങ്ങാമെന്നാണ്. സാധനങ്ങൾ വിലക്ക് വാങ്ങാൻ പറ്റും. ജനങ്ങളുടെ പിന്തുണയും മനസും ഹൃദയത്തിലൂടെ മാത്രമേ വാങ്ങാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version