ബിജെപിയുടേത് അനാവശ്യ ഹര്‍ത്താല്‍: 25,000 രൂപയുടെ പച്ചക്കറി സൗജന്യമായി വിതരണം ചെയ്ത് കച്ചവടക്കാരന്റെ പ്രതിഷേധം

മാതമംഗലം: വെള്ളിയാഴ്ച്ച ബിജെപി നടത്തിയ ഹര്‍ത്താല്‍ ആനാവശ്യമാണെന്ന് ആരോപിച്ച് പച്ചക്കറി കടക്കാരന്റെ വ്യത്യസ്തമായ പ്രതിഷേധം. 25,000 രൂപ വരുന്ന പച്ചക്കറികള്‍ സൗജന്യമായി വിതരണം ചെയ്താണ് ഹരിത പച്ചക്കറി സ്റ്റാള്‍ ഉടമ ഹരിത രമേശന്‍ ഹര്‍ത്താലിനെ നേരിട്ടത്. കണ്ണൂര്‍ മാതമംഗലം സ്വദേശിയാണ് ഇദ്ദേഹം.

വെള്ളിയാഴ്ച രാവിലെ 6.30ന് തുടങ്ങിയ വിതരണം 8.45ന് പച്ചക്കറി പൂര്‍ണമായും തീരുന്നതുവരെ തുടര്‍ന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് രമേശന്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമായി 25,000 രൂപയുടെ പച്ചക്കറി ബുക്ക് ചെയ്തത്. വെള്ളിയാഴ്ച രാവിലെ നാലുമണിക്ക് പച്ചക്കറി മാതമംഗലത്തെ കടയിലെത്തി.കഴിഞ്ഞ ഹര്‍ത്താലിന് 15,000 രൂപയുടെ പച്ചക്കറി നശിച്ചതായും പെട്ടെന്നുണ്ടായ ഹര്‍ത്താലില്‍ പച്ചക്കറി നശിക്കാതിരിക്കാനാണ് സൗജന്യമായി നല്‍കിയതെന്നും രമേശന്‍ പറഞ്ഞു.

സെക്രട്ടറിയേറ്റിന് സമീപമുള്ള ബിജെപി സമര പന്തലിലിന് സമീപം വേണുഗോപാലന്‍ നായര്‍ ആത്മാഹൂതി നടത്തിയത് ആയുധമാക്കിയാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ സമൂഹത്തോടുള്ള വെറുപ്പ് മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും, ഇതില്‍ മറ്റാര്‍ക്കും പങ്കില്ലെന്നുമുള്ള അദ്ദേഹത്തിന്റെ മരണമൊഴി രേഖകള്‍ ഹര്‍ത്താലിനെതിരെ ജനവിരുദ്ധ വികാരമുണ്ടാകാന്‍ സാഹചര്യമൊരുക്കി.

Exit mobile version