പത്താംക്ലാസ്സുകാരനായ ഹോട്ടല്‍ സപ്ലെയറില്‍ നിന്നും പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഉടമയിലേക്ക്: ബിജെപി സ്ഥാനാര്‍ഥിയായി പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന രാജശേഖരന്‍ നായര്‍

തിരുവനന്തപുരം: പത്താംക്ലാസ്സുകാരനായ ഹോട്ടല്‍ സപ്ലെയറില്‍ നിന്നും വ്യവസായപ്രമുഖനിലേക്ക്, ഇങ്ങനെയാണ് നെയ്യാറ്റിന്‍കരയിലെ ബിജെപി സ്ഥാനാര്‍ഥി രാജശേഖരന്‍ നായരുടെ വളര്‍ച്ച. തെന്നിന്ത്യയിലെ പ്രമുഖ വ്യവസായിയായി, നാടിനെ മറക്കാതെ ഒരുപാടു കുടുംബങ്ങള്‍ക്കു തൊഴില്‍ നല്‍കുന്ന വലിയ വ്യവസായിയായി നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തിരികെയെത്തിച്ചത് പഴയ ആര്‍എസ്എസ് ശാഖയിലെ വ്യക്തിത്വ പരിശീലനത്തിന്റെ ഗുണമാണെന്നും രാജശേഖരന്‍ നായര്‍ പറയും.

രാഷ്ട്രീയവും ബിസിനസും രണ്ടു മേഖലകളല്ലേ, എങ്ങനെ പൊരുത്തപ്പെടും? രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ ബിസിനസ് കയ്യില്‍നിന്നു വഴുതിപ്പോകില്ലേ? എന്നൊക്കെയാകും രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോള്‍ സ്വാഭാവികമായും നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍. എന്നാല്‍ കഠിനമായ സാഹചര്യങ്ങളില്‍ നിന്ന് വിജയിയായി തിരികെ വരാന്‍ കെല്‍പുള്ള അനുഭവസമ്പന്നതയുടെ ഒരുപാട് ഉദാഹരണങ്ങളാണ് അദ്ദേഹത്തിനു മറുപടിയായുള്ളത്.

ഒപ്പം നാലു പതിറ്റാണ്ടിലേറെ നീണ്ട മുംബൈ ജീവിതത്തില്‍ 20 മണിക്കൂര്‍ വരെ അധ്വാനിച്ച ദിവസങ്ങളെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനിടെ എടുത്തുവച്ച അത്താഴം പോലും കഴിക്കാന്‍ വൈകി പുലര്‍ച്ചെ അഞ്ചിന് അത്താഴം കഴിച്ച അനുഭവങ്ങളുടെ രാത്രികളുമുണ്ട് അദ്ദേഹത്തിന്. കഷ്ടപ്പാടുകളുടെ ദിനരാത്രങ്ങള്‍ക്കൊടുവില്‍ നാടിനു വേണ്ടി പ്രവര്‍ത്തിക്കണമെന്ന ദൃഢനിശ്ചയമാണ് രാജശേഖരനെ തിരികെയെത്തിച്ചത്.

10-ാം ക്ലാസ് പഠനത്തിന് ശേഷം തുടര്‍ പഠനത്തിന് ആഗ്രഹമുണ്ടായിട്ടു കൂടിയും 17-ാം വയസില്‍ നാടുവിട്ടുപോകേണ്ടി വന്നു രാജശേഖരന്. നാട്ടില്‍ നിന്നാല്‍ അക്കാലത്ത് ഗുണമുണ്ടാകില്ലെന്ന് കണ്ടാണ് നാടുവിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് മുംബൈയിലേക്ക് ട്രെയിന്‍ കയറി ഹോട്ടല്‍ ജോലികള്‍ ചെയ്തു നടന്ന ആ പയ്യന്‍ ഇന്ന് വളര്‍ന്ന് ചെങ്കല്‍ രാജശേഖരനെ ഹോട്ടല്‍ വ്യവസായിയായി മാറി.

മുംബൈയില്‍ ഹോട്ടലുകളില്‍ സപ്ലെയര്‍ മുതല്‍ മാനേജര്‍ വരെയായി ജോലി ചെയ്തിട്ടുണ്ട് രാജശേഖരന്‍. എന്നാല്‍ അന്നുമുതല്‍ കാലങ്ങളായി സൂക്ഷിച്ചുവെച്ച സമ്പാദ്യവുമായി ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ പഠിക്കാനും മറ്റും സമയം കണ്ടെത്തുകയും ചെയ്തു. ദിനേശ് അഗര്‍വാള്‍ എന്ന മാര്‍വാഡി ബിസിനസുകാരനെ കണ്ടുമുട്ടിയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അഗര്‍വാളിന്റെ ഹോട്ടലിന്റെ കാര്യങ്ങള്‍ നോക്കി നടന്ന രാജശേഖരനെ അദ്ദേഹം മാനേജരാക്കി മാറ്റി.

18 വര്‍ഷത്തോളം അഗര്‍വാളിന്റെ ഹോട്ടലുകളുടെ മാനേജറായി ജോലി ചെയ്തതിന് ശേഷം അത്രയും കാലം കൊണ്ട് സമ്പാദിച്ച തുകയുമായാണ് രാജശേഖരന്‍ കേരളത്തിലേക്ക് തിരികെ എത്തുന്നത്. കോവളത്ത് ആര്‍ക്കും വേണ്ടാതെ കിടന്ന ചതുപ്പ് പ്രദേശം കുറഞ്ഞ വിലയ്ക്ക് വാങ്ങി അവിടെ റെസ്റ്റൊറന്റ് തുടങ്ങി. ഇന്നത് ഏറ്റവും മനോഹരമായ ബീച്ച് റിസോര്‍ട്ടായി മാറി. ഉദയ സമുദ്ര എന്ന പഞ്ചനക്ഷത്ര സൗകര്യത്തോടെയുള്ള ഹോട്ടല്‍ എന്ന നിലയിലേക്ക് അതുവളര്‍ന്നു.

‘എന്റെ നാട്ടില്‍ കുടുംബങ്ങളിലൊക്കെ ഒരു ദുഃഖം നിലനില്‍ക്കുന്നുണ്ട്. പലരുടെയും മക്കള്‍ പുറത്താണ്, അമ്മയും അച്ഛനും വീട്ടില്‍ തനിച്ച്. അല്ലെങ്കില്‍ ഭര്‍ത്താവ് ജോലിക്കായി പുറത്തു പോകേണ്ടിവരുന്നു. എല്ലാ സാഹചര്യവും ഉള്ള വീടുകളിലും ഈ ദുഃഖം കാണാനാകും. അതാണു ഞാന്‍ കേരളത്തില്‍ ബിസിനസ് തുടങ്ങാന്‍ പ്രധാന കാരണം. കുറച്ചു പേരെങ്കിലും വീടുകളില്‍ നില്‍ക്കട്ടെ ഉറ്റവര്‍ക്കൊപ്പം.’- അദ്ദേഹം പറയുന്നു.

2014ലെ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനായി കേരളത്തിലെത്തിയ മോഡിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ഉദയ സമുദ്രയിലാണ് താമസിച്ചത്. അന്ന് മോഡിയുമായി പരിചയപ്പെട്ടു. ഗുജറാത്തിലേക്ക് വന്നാല്‍ ഹോട്ടല്‍ വ്യവസായത്തിന് ഭൂമിയും വൈദ്യുതിയും നല്‍കാമെന്ന വാഗ്ദാനവും അദ്ദേഹം നല്‍കിയിരുന്നു. അദ്ദേഹം അത് നിരസിച്ചുവെന്നാണ് പറയുന്നത്. 2019 ല്‍ വീണ്ടും കേരളത്തിലെത്തിയ പ്രധാനമന്ത്രി താമസിച്ചത് രാജശേഖരന്റെ ഉടമസ്ഥതയിലുള്ള ശംഖുമുഖത്തെ ഉദയ് സ്യൂട്ട്‌സിലാണ്.

രാജശേഖരന്റെ ജീവിതത്തില്‍ ഐശ്വര്യത്തിന്റെ തുടക്കം ഭാര്യയുടെ വരവോടെയാണ്.
തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന രാധയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്.
മുംബൈയിലെ തിരക്കിനിടയില്‍ രാധ സിനിമാനടിയാണെന്നു പോലും അത്ര കൃത്യമായി രാജശേഖരന് അറിയില്ലായിരുന്നു. നാട്ടില്‍ കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചു. ചെന്നൈയില്‍ പോയി പെണ്ണുകണ്ടു. കാഴ്ചയിലും സംസാരത്തിലും ഇഷ്ടമായി. പിന്നെ വിവാഹത്തിലേക്ക്.

മൂന്ന് മക്കളാണ് ഇവര്‍ക്ക്. കാര്‍ത്തിക, വിഘ്‌നേഷ്, തുളസി. മക്കളുടെ ഡിഗ്രി പഠനം വരെ മുംബൈയില്‍ തുടര്‍ന്നു. മൂന്നു പേരും വിദേശത്തുനിന്ന് എംബിഎയും ഹോട്ടല്‍ മാനേജ്‌മെന്റും കഴിഞ്ഞ് ഇപ്പോള്‍ അച്ഛന്റെ ബിസിനസ് നോക്കി നടത്തുന്നു. കാര്‍ത്തികയും തുളസിയും സിനിമാരംഗത്തേക്കു വന്നെങ്കിലും കാര്‍ത്തിക മാത്രമാണ് സിനിമയില്‍ തുടര്‍ന്നത്. ഹിന്ദിയിലും തെലുങ്കിലുമായി 11 വന്‍സിനിമകളില്‍ അഭിനയിച്ച ശേഷം കാര്‍ത്തിക അമേരിക്കയില്‍ പഠനത്തിനു പോയി.

തനിക്ക് എന്താണോ ഈ നാട്ടില്‍ നിന്ന് ലഭിക്കാതെ പോയത് അത് ഈ നാട്ടിലെ ഭാവി തലമുറയ്ക്ക് ലഭിക്കാന്‍ അവസരമൊരുക്കുക എന്നതാണ് തന്റെ സ്വപ്നമെന്നാണ് രാജശേഖരന്‍ പറയുന്നത്. നാട്ടില്‍ വ്യവസായം വരണമെങ്കില്‍ മാറ്റം വരേണ്ടതുണ്ട്. ആളുകള്‍ക്കുള്ളിലുള്ള ഭയം മാറണം. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പിന് വേണ്ടി ആയിരിക്കാം കേരളത്തെ ഇങ്ങനെ മാറ്റിയത്. അത് മനസിലാക്കിയാണ് ഞാന്‍ കേരളത്തിലേക്ക് വ്യവസായി ആയി എത്തിയത്. നല്ലരീതിയില്‍ വ്യവസായം തുടരുന്നതുപോലെ നാടിനെയും മാറ്റണമെന്ന ആഗ്രഹമുണ്ട്. അതിനുവേണ്ടിയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്’ രാജശേഖരന്‍ പറയുന്നു.

Exit mobile version