രാമനായെത്തിയ അരുണ്‍ ഗോവില്‍ ബിജെപി സ്ഥാനാര്‍ത്ഥി: രാമായണം പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമായണം പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍. സീരിയലില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. ഈ പശ്ചാത്തലത്തിലാണ് പരമ്പര വീണ്ടും എത്തുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറ് മണിക്കാണ് പരമ്പരയുടെ സംപ്രേക്ഷണം. ഉച്ചയ്ക്ക് 12 മണിക്ക് ഇത് പുന:സംപ്രേക്ഷണം ചെയ്യും.

1987ലായിരുന്നു രാജ്യത്ത് വന്‍ പ്രേക്ഷക ശ്രദ്ധ നേടിയ സീരിയല്‍ ആദ്യമായി സംപ്രേഷണം ചെയ്തത്. കോവിഡ് കാലത്തും, രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ചും പരമ്പര മുന്‍പ് പ്രദര്‍ശിപ്പിച്ചിരുന്നു. ശ്രീരാമനായി അരുണ്‍ ഗോവിലും സീതയായി ദീപിക ചിഖ്‌ലിയയും ലക്ഷ്മണനായി സുനില്‍ ലാഹിരിയുമാണ് പരമ്പരയില്‍ അഭിനയിച്ചിരിക്കുന്നത്.

‘ഭഗവാന്‍ ശ്രീരാമന്‍ വന്നിരിക്കുന്നു! ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ‘രാമായണം’ ഷോ കാണുക. രാമാനന്ദ് സാഗറിന്റെ രാമായണം #DDNation മഹല്‍ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് വീണ്ടും കാണുക, ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും സംപ്രേക്ഷണം ചെയ്യുക’ എന്നാണ് ദൂരദര്‍ശന്‍ എക്‌സില്‍ കുറച്ചത്.

Exit mobile version