ഉമ്മന്‍ചാണ്ടിയെ ഇനി അപമാനിക്കില്ല: പെട്ടെന്നുള്ള അരിശത്തില്‍ വന്നുപോയതാണ്; പിസി ജോര്‍ജ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശങ്ങള്‍ പെട്ടെന്നുണ്ടായ അരിശത്തില്‍ വന്നുപോയതാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഉമ്മന്‍ചാണ്ടിയെ ഇനി അപമാനിക്കില്ല. അന്ന് പറഞ്ഞത് അപ്പോഴുണ്ടായ അരിശത്തിന് പറഞ്ഞു പോയതാണെന്ന് പിസി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, കേരളത്തില്‍ തൂക്കു മന്ത്രിസഭ വരുമെന്നും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയുടെയും ട്വന്റി ട്വന്റിയുടെയും പിന്തുണ കൂടി വേണ്ടിവരുമെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. പൂഞ്ഞാറില്‍ നിന്ന് ഇത്തവണയും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പ്രവേശനം തടഞ്ഞതില്‍ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു പിസി ജോര്‍ജ് നേരത്തെ ഉന്നയിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടി ജീവിച്ചിരിപ്പുള്ളിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രിയാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മലയാള മനോരമ പത്രമാണ് ഉമ്മന്‍ ചാണ്ടിയെ വളര്‍ത്തിയതെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

‘സത്യത്തില്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള എഗ്രിമെന്റ് അഞ്ച് കൊല്ലം കഴിഞ്ഞാല്‍ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാം എന്നാണ്. രമേശ് അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പമുള്ളവരൊക്കെ മുഖ്യമന്ത്രിമാരോ സംസ്ഥാന കാബിനറ്റ് പദവിയുള്ള മന്ത്രിമാരോ ആയിട്ടുണ്ട്.

അതുകൊണ്ട് ഇവരും തമ്മിലുള്ള എഗ്രിമെന്റ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ് രമേശ് എന്നാണ്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ചെന്നിത്തലയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടത്. പക്ഷെ ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ ചെന്നിത്തല മുഖ്യമന്ത്രിയാകില്ല,’ പിസി ജോര്‍ജ് പറഞ്ഞു.

Exit mobile version