കമ്മ്യൂണിസ്റ്റുകാരെ തോൽപിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു; മുമ്പ് ബിജെപി വോട്ടുമറിച്ചുണ്ടാകാം, ഇപ്പോൾ അങ്ങനെയല്ല: ഒ രാജഗോപാൽ

o rajagopal | Kerala News

തിരുവനന്തപുരം: കേരളത്തിൽ മുമ്പ് കമ്മ്യൂണിസ്റ്റുകാരെ തോൽപ്പിക്കാനായി ബിജെപി വോട്ടുമറിച്ചുണ്ടായിരുന്നു എന്ന പരാമർശവുമായി ബിജെപിയുടെ ഏക എംഎൽഎ ഒ രാജഗോപാൽ. മുമ്പ് ബിജെപി വോട്ട് മറിച്ചിട്ടുണ്ടാകാമെന്നും എന്നാൽ ഇപ്പോൾ അങ്ങനെയില്ലെന്നും ഒ രാജഗോപാൽ പറഞ്ഞു.

ഏതായാലും ജയിക്കാൻ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടുകളയുന്നത്. കമ്മ്യൂണിസ്റ്റുകാരെ തോൽപ്പിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അതുപഴയ കാലം. ഇപ്പോൾ ബിജെപി വളർന്നു എന്നും രാജഗോപാൽ പ്രതികരിച്ചു.

ബിജെപിക്ക് മുഖ്യ എതിരാളിയെന്നൊരു പ്രശ്‌നമില്ല. ദേശീയതലത്തിൽ കോൺഗ്രസാണ്. കേരളത്തിൽ മുഖ്യ എതിരാളി സിപിഎമ്മാണ്. മിക്കവാറും എല്ലാ മണ്ഡലങ്ങളിലും ത്രികോണ പോരാട്ടമുണ്ടാകും. ബിജെപി വളർന്നു. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമായി.

ഇപ്പോ കേരളം ഒഴിച്ച് എല്ലായിടത്തും കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ കൂട്ടുകെട്ടാണ്. കെ സുരേന്ദ്രൻ ഹെലിക്കോപ്റ്റർ ഉപയോഗിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പുതിയ കാലഘട്ടമല്ലേ. മുഖ്യമന്ത്രി തന്നെ കണ്ണൂരിൽ നിന്ന് തിരുവനന്തപുരം വരാൻ ഹെലിക്കോപ്റ്റർ ഉപയോഗിക്കുന്നു. അടിയന്തരാവശ്യം വരുമ്പോൾ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ശോഭ സുരേന്ദ്രന്റെ സീറ്റ് വിവാദവുമായി ബന്ധപ്പെട്ടും രാജഗോപാൽ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ പൂർണ്ണതൃപ്തി ഒരുകാലത്തും ആർക്കും ഉണ്ടാകില്ല. ശോഭ നല്ല പൊതുപ്രവർത്തകയാണ്. കാര്യക്ഷമതയുള്ള ആളാണ്. നല്ല പ്രാസംഗികയാണ്. ഉയർന്നുവരുന്ന നേതാവാണ്. അവർ കഴക്കൂട്ടത്ത് മത്സരിക്കുന്നെങ്കിൽ നല്ലതാണ്. വി മുരളീധരന്റെ സ്ഥലവും കഴക്കൂട്ടമാണ്. അതെല്ലാം കൂടി പരിഗണിച്ച് ഇലക്ഷൻ കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

സ്ഥാനാർത്ഥി നിർണയത്തിൽ പൂർണതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് എല്ലാവർക്കും അവസരം കൊടുക്കണം. ഞാൻ മത്സരിക്കുന്നില്ല എന്നായിരുന്നു രാജഗോപാലിന്റെ മറുപടി

Exit mobile version