കോൺഗ്രസ് വിട്ട പിസി ചാക്കോ എൻസിപിയിലേക്ക്; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും; എൽഡിഎഫിനായി പ്രചാരണത്തിനും ഇറങ്ങിയേക്കും

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് പിസി ചാക്കോ എൻസിപിയിലേക്കെന്ന് സൂചന. ചൊവ്വാഴ്ച എൻസിപി ദേശീയ പ്രസിഡന്റ് ശരദ് പവാറുമായി പിസി ചാക്കോ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.

ഡൽഹിയിൽ വെച്ചാണ് ഇരുവരുടെയും നിർണായക കൂടിക്കാഴ്ച നടക്കുന്നത്. കോൺഗ്രസ് വിട്ടതിന് പിന്നാലെ തന്നെ ശരദ് പവാറുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ള പിസി ചാക്കോ എൻസിപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എൻസിപിയിലേക്ക് എത്തുന്നതോടെ കേരളത്തിൽ ഇടതുമുന്നണിക്കായി പിസി ചാക്കോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനും സാധ്യതയുണ്ട്.

ശരദ് പവാറുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ ചാക്കോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഡൽഹിയിലെത്തുന്ന പിസി ചാക്കോ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനേയും സന്ദർശിച്ചേക്കുമെന്ന് സൂചനയുണ്ട്.

Exit mobile version