ലൈഫ് മിഷനിൽ വീടിന് അപേക്ഷിച്ച് ലഭിച്ച പണത്തിൽ നിന്നും കൈക്കൂലി; വീട്ടമ്മയിൽ നിന്നും പണം വാങ്ങുന്നതിനിടെ വിഇഒ വിജിലൻസിന്റെ പിടിയിൽ

റാന്നി: ലൈഫ് മിഷനിൽ വീടിന് അപേക്ഷിച്ച് പണം ലഭിച്ച വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് എക്‌സ്റ്റെൻഷൻ ഓഫീസർ അറസ്റ്റിലായി. വീട്ടമ്മയിൽ നിന്നും പണം വാങ്ങുന്നതിനിടെയാണ് വിഇഒയെ പോലീസ് വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്തത്.

റാന്നി ബ്ലോക്ക് പഞ്ചായത്തിൽ പഴവങ്ങാടി പഞ്ചായത്തിന്റെ ചുമതലയുള്ള വിഇഒ കായംകുളം പത്തിയൂർ തലപ്പുറത്ത് സതീഷ് കുമാറാണ് പിടിയിലായത്. പഴവങ്ങാടി ചെല്ലക്കാട് മഴുവഞ്ചേരിയിൽ ലൈസാമ്മയുടെ പരാതിയെ തുടർന്നാണ് ഡിവൈഎസ്പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്തത്.

സ്വന്തമായി വീടും വസ്തുവും ഇല്ലാതിരുന്ന ദരിദ്രയായ ലൈസാമ്മ ലൈഫ്മിഷനിലൂടെ വീടിന് അപേക്ഷിച്ചിരുന്നു. ഇതിനായി വിഇഒ ഇവരോട് 12000 രൂപ നേരത്തെ വാങ്ങി. വസ്തു വാങ്ങുന്നതിന് രണ്ടു ലക്ഷം രൂപ ഇവർക്ക് അനുവദിച്ചതോടെ 5000 രൂപകൂടി ആവശ്യപ്പെട്ട് വിഇഒ ഇവരെ വിളിക്കുകയായിരുന്നു. നിരന്തരം ഫോണിൽ വിളിച്ചതിനെ തുടർന്ന് ലൈസാമ്മ വിജലൻസിനെ സമീപിച്ചു.

വിജിലൻസ് നിർദേശപ്രകാരം ലൈസാമ്മ ബുധനാഴ്ച 12 മണിയോടെ ഓഫീസിന് പുറത്തേക്ക് വിഇഒയെ വിളിച്ചുവരുത്തി പണം കൈമാറി. ഈ സമയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടി. ഇൻസ്‌പെക്ടർമാരായ മണികണ്ഠൻ ഉണ്ണി, രാജീവ്, രജീഷ് തുടങ്ങിയവരും വിജിലൻസിന്റെ സംഘത്തിലുണ്ടായിരുന്നു.

Exit mobile version