തോറ്റാലും ജയിച്ചാലും അഞ്ച് തവണ മത്സരിച്ചവർ വേണ്ടെന്ന് കോൺഗ്രസ്; ഉമ്മൻ ചാണ്ടിയെ മാത്രം മത്സരിപ്പിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന് കോൺഗ്രസ്. ഉടൻ തന്നെ സ്ഥാനാർഥികളുടെ അന്തിമ പട്ടിക പുറത്തുവിടുമെന്നാണ് വിവരം. തോറ്റാലും ജയിച്ചാലും അഞ്ചു തവണ മത്സരിച്ചവർ മാറി നിൽക്കണമെന്ന മാനദണ്ഡം കർശനമായി പാലിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഉമ്മൻചാണ്ടിക്ക് മാത്രമാകും ഇക്കാര്യത്തിൽ ഇളവ് നൽകുകയെന്നും മറ്റുള്ള എല്ലാ നേതാക്കൾക്കും നിബന്ധന ബാധകമാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ അറിയിച്ചു.

ഇരിക്കൂറിൽ പതിറ്റാണ്ടുകളായി വിജയിക്കുന്ന കെസി ജോസഫ് അടക്കമുള്ളവർ മാറി നിൽക്കേണ്ടി വരും. യുഡിഎഫ് സീറ്റ് വിഭജന ചർച്ച ഇന്നത്തോടെ അവസാനിക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകൾ മാത്രമാണ് നിലവിൽ അന്തിമമാക്കാനുള്ളൂ. പാർട്ടിയിൽ ഗ്രൂപ്പുകൾ ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെപ്പുണ്ടാകില്ലെന്നും പിസി ചാക്കോ പറഞ്ഞു.

20 ശതമാനം സീറ്റുകളിലേക്ക് വനിതാ സ്ഥാനാർത്ഥികൾക്കാണ് പ്രാധാന്യം. 40 വയസ്സിൽ താഴെയുള്ളവരായിരിക്കണം 50 ശതമാനം സ്ഥാനാർത്ഥികളെന്നതും ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഒരു വനിതയെയും 40 വയസ്സിൽ താഴെയുള്ള രണ്ടുപേരെ വീതവും സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനു മുമ്പാകെ ടിഎൻ പ്രതാപൻ എംപി ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

Exit mobile version