കന്യാകുമാരിയില്‍ കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി, രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത്

തിരുവനന്തപുരം: തമിഴ്നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി. കന്യാകുമാരിയില്‍ കടലില്‍ പോകുന്നത് ജില്ലാ ഭരണകൂടമാണ് വിലക്കിയത്. കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് 12 ബോട്ടുകളാണ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ അഞ്ച് പേരില്‍ കൂടുതല്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ അനുമതി നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് ബോട്ട് യാത്ര റദ്ദാക്കി.

ഇതിന് ശേഷം രാഹുല്‍ ഗാന്ധി നഗര്‍കോവിലിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും മടങ്ങി. തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്.

കഴിഞ്ഞദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര നടത്തിയിരുന്നു. അദ്ദേഹം മത്സ്യബന്ധനത്തില്‍ പങ്കെടുക്കുകയും കടലില്‍ നീന്തുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

Exit mobile version