തെരഞ്ഞെടുപ്പ് ആയതിനാൽ ഇടക്കിടെ ഇനി പിക്‌നികിന് വരുമ്പോൾ ഇവിടെ ട്രാക്ടർ ഓടിച്ചു നടക്കുന്നതിന് പകരം കർഷകരുടെ അവസ്ഥ കൂടി അന്വേഷിക്കണം സർ; രാഹുൽ ഗാന്ധിയെ വിമർശിച്ച് കുറിപ്പ്

മത്സ്യത്തൊഴിലാളികളെ നെഞ്ചോട് ചേർത്ത പിണറായി വിജയൻ സർക്കാറിന്റെ കരുതലിനെ പറ്റി അടുത്ത പിക്‌നികിന് വരുമ്പോൾ ചോദിച്ചു അറിയുമെന്ന് പ്രതീക്ഷിക്കുന്നു

riyas-and-rahul-gandhi_

കൊച്ചി: വയനാട് എംപിയും മുൻകോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തിനിടയിലെ കടലിൽ ചാട്ടവും ട്രാക്ടർ ഓടിക്കലും ചർച്ചയാകുന്നതിനിടെ വിമർശനവും ശക്തമാവുകയാണ്. പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാർ ബിജെപിയുടെ തന്ത്രത്തിന് മുന്നിൽ വീണിട്ടും ഒരക്ഷരം പ്രതികരിക്കാത്ത രാഹുൽ ഗാന്ധി കേരളത്തിൽ പിക്‌നിക് ആഘോഷിക്കുകയാണ് എന്നാണ് ഉയരുന്ന ആക്ഷേപം. മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടൽയാത്ര നടത്തിയ രാഹുൽ ഗാന്ധിക്ക് മത്സ്യത്തൊഴിലാളികൾക്കായി കേരളസർക്കാർ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് അറിയുമോ എന്ന് ചോദ്യം ചെയ്യുകയാണ് പ്രവാസിയായ റിയാസ് വൽക്കണ്ടിയെന്ന യുവാവ്.

വയനാട്ടിൽ ട്രാക്ടർ ഓടിച്ച് പ്രതിഷേധിച്ച രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിലെ കർഷകരെ കുറിച്ചും അവരുടെ പ്രശ്‌നങ്ങളെ കുറിച്ചും പഠിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു. മൻമോഹൻ സിങിന്റെ നേതൃത്വത്തിലെ യുപിഎ സർക്കാർ ഒപ്പിട്ട ആസിയാൻ കരാർ എങ്ങനെയാണ് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട രാഹുൽ ഗാന്ധി,
താങ്കളുടെ കേരളാ പിക്‌നികിന് ഇടയിൽ കടലിൽ ചാടി കുളിക്കുന്ന ദൃശ്യമൊക്കെ മനോരമയിൽ കണ്ടു. മത്സ്യത്തൊഴിലാളികളുടെ പ്രയാസം നേരിട്ടറിയാൻ താങ്കൾ കടലിൽ ചാടണമെന്ന് ഉണ്ടായിരുന്നില്ല. താങ്കൾ ഇടക്കിടെ പിക്‌നികിന് പോകാറുളള തായ്‌ലൻഡ് ഉൾപട്ട ആസിയാൻ രാജ്യങ്ങളെ പറ്റി അറിയുമെന്ന് കരുതുന്നു. ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, മ്യാൻമാർ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, വിയറ്റ്‌നാം, തായ്‌ലൻഡ് ഉൾപെട്ട ആസിയാൻ രാജ്യങ്ങളിൽ ഒരുപക്ഷെ മിക്കവാറും രാജ്യങ്ങളിൽ താങ്കൾ പോയിക്കാണുമെന്ന് വിശ്വസിക്കുന്നു.എന്തായാലും തായ്‌ലൻഡിൽ താങ്കൾ പോയിട്ടുണ്ടല്ലോ.കേരളത്തിന് സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയും ഉള്ള സ്ഥലങ്ങളാണ് മിക്കതും .
ഈ രാജ്യങ്ങൾക്ക് ഇന്ത്യയിൽ സ്വതന്ത്ര വ്യാപാരം നടത്താൻ ഒരു കരാർ ഉണ്ട് . അത് ആര് നടപ്പിലാക്കിയതാണ് എന്ന് അറിയുമോ താങ്കൾക്ക്? .
അതിന് മുമ്പ് താങ്കൾക്ക് വേറൊരു കാര്യം ഓർമ്മപെടുത്തുന്നു. 1998 മുതൽ 2004 വരെ രാജ്യം ഭരിച്ചിരുന്നത് ബിജെപി ആയിരുന്നു. 2004 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസിനും ഭൂരിപക്ഷം കിട്ടിതിരിക്കുകയും ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ വേണ്ടി ഇടത് പാർട്ടികൾ പിന്തുണ നൽകി ഭരിക്കുകയും ചെയ്തത് താങ്കൾ മറന്നു കാണില്ല. ഇടതുപക്ഷ പിന്തുണയോടെയുളള ആ ഭരണത്തിന് ഇടതുപക്ഷം പിന്തുണ പിൻവലിച്ചത് ഏതെങ്കിലും അധികാര സ്ഥാനമോ മന്ത്രിസ്ഥാനമോ വേണമെന്ന് പറഞ്ഞതിനാൽ ആയിരുന്നില്ല.ഒരു സേച്ഛാദിപതിയെ പോലെ മൻമോഹൻ സിംഗ് ആണവ കരാർ നടപ്പിലാക്കാൻ ശ്രമിച്ചതായിരുന്നു പിന്തുണ പിൻവലിക്കാൻ കാരണം.
ഇടതുപക്ഷം പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം തികക്കാൻ വേണ്ടി അന്ന് കോൺഗ്രസ് ചെയ്തതിന്റെ തനിയാവർത്തനമാണ് ഇപ്പോൾ താങ്കൾ കേരളം സന്ദർശിക്കുന്ന സമയത്ത് മലയാളം ഉൾപടെ സംസാരിക്കുന്ന ഞങ്ങളുടെ അയൽസംസ്ഥാനമായ പുതുച്ചേരിയിൽ കാണുന്നത്.ഒരു പക്ഷെ ആ ജാള്യത കൊണ്ടാകും താങ്കൾ പുതുച്ചേരി സംസ്ഥാന ഭരണം ബിജെപി ചാക്കിട്ട് പിടിച്ച അധാർമ്മിക രാഷ്ട്രീയത്തിനെതിരെ ഒന്നും ഇവിടെ വന്ന് പറയാതിരുന്നതെന്ന് വിശ്വസിക്കുന്നു. ഇവിടെ വന്ന സമയത്ത് അതിനെതിരെ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ താങ്കളുടെ പ്രസ്താവന മലയാളം ചാനലുകൾ വാർത്ത ആക്കുമായിരുന്നു. പുതുച്ചേരിയിൽ പെട്ട മാഹിയിൽ മലയാളം വാർത്താ ചാനലുകളും പത്രങ്ങളും ആണ് ജനങ്ങൾ വായിക്കുന്നത് എന്ന് താങ്കൾക്ക് അറിയുമെന്ന് കരുതുന്നു.
അപ്പോൾ പറഞ്ഞു വന്നത് മറ്റൊരു കാര്യം ആണ്. വാജ്‌പേയ് സർക്കാർ കാലത്ത് പ്രാധമിക ധാരണയായ ആസിയാൻ കരാർ ഇടതുപക്ഷം പിന്തുണ നൽകിയ സമയത്ത് നടപ്പിലാക്കാൻ അനുവദിച്ചിരുന്നില്ല. പിന്നീട് 2009 കാലഘട്ടത്തിൽ മൻമോഹൻ സിംഗ് ആ കരാറിൽ ഒപ്പിട്ടു. ഒപ്പിട്ട ശേഷമാണ് ജനാധിപത്യ വിരുദ്ധമായ ആ കരാർ ജനങ്ങളെ കാണിച്ചത് പോലും.
ആസിയാൻ രാജ്യങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നു കൊടുക്കുന്നതായിരുന്നു ആ കരാർ. കരാർ പ്രകാരം ആസിയാൻ രാജ്യങ്ങളുമായുളള കയറ്റുമതി, ഇറക്കുമതി എന്നിവക്ക് കാര്യമായ നിയന്ത്രണം ഉണ്ടാകില്ല. ഈ കരാർ അടിമുടി ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം കേരളമാണ്. കേരളത്തിന് സമാനമായ കാലാവസ്ഥയുളള ഈ രാജ്യങ്ങളിൽ നിന്നും കേരളത്തിന്റെ കാർഷിക ഉത്പന്നങ്ങൾ ആണ് ഇന്ന് രാജ്യത്ത് കപ്പൽ കണക്കിന് കണ്ടൈനറുകൾ ആയി ഇറക്കുമതി ചെയ്യുന്നത്. റബ്ബർ, കുരുമുളക് ഉൾപടെയുളള സുഗന്ധവ്യഞ്ജനങ്ങളും, പാമോയിൽ, മത്സ്യം ഉൾപടെയുളള വസ്തുതകൾ ആണ് ആസിയാൻ രാജ്യങ്ങളിൽ നിന്നും കാര്യമായ നികുതിയോ നിയന്ത്രണമോ ഇല്ലാതെ ഇറക്കുമതി ചെയ്യുന്നതിൽ പെടുന്ന പ്രധാനപ്പെട്ടവ.
ആസിയാൻ കരാർ ഒപ്പിട്ട ശേഷം കേരളത്തിന്റെ പേരിന് തന്നെ കാരണമായ നാളികേര കർഷകരുടെ അവസ്ഥ എന്താണെന്ന് താങ്കൾക്ക് അറിയുമോ സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യുന്ന കർഷകരുടെ അവസ്ഥ എന്താണെന്ന് അറിയുമോ?. കേരളത്തിൽ തെരഞ്ഞെടുപ്പ് ആയതിനാൽ ഇടക്കിടെ ഇനി പിക്‌നികിന് വരുമെന്ന് അറിയാം. അടുത്ത പിക്‌നികിന് വരുമ്പോൾ ഇവിടെ ട്രാക്ടർ ഓടിച്ചു നടക്കുന്നതിന് പകരം നാളികേരം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന മലബാറിലും , റബ്ബർ കൂടുതൽ കൃഷി ചെയ്യുന്ന മദ്ധ്യ കേരളത്തിലും, സുഗന്ധവ്യഞ്ജനങ്ങൾ കൂടുതൽ കൃഷി ചെയ്യുന്ന താങ്കളുടെ മണ്ഡലത്തിലും പോയി ഒന്ന് അവരുടെ അവസ്ഥ അന്വേഷിക്കണം സർ . നിലവിലെ പിണറായി വിജയൻ സർക്കാറിന്റെ ഇടപെടൽ മൂലമാണ് അവർ കോൺഗ്രസ് ഉണ്ടാക്കിയ ആസിയാൻ കരാറിനെതിരെ പൊരുതി നിൽക്കുന്നത് സർ.
താങ്കൾക്ക് അറിയുമോ ആസിയാൻ കരാർ നടപ്പിലാക്കിയതിന് ശേഷം 2011 മുതൽ കേരളം ഭരിച്ച യുഡിഎഫ് സർക്കാറിന്റെ കാലത്ത് ആത്മഹത്യ ചെയ്തവരുടെ കണക്ക്?. നിയമസഭയിൽ അന്നത്തെ കൃഷി മന്ത്രി നൽകിയ മറുപടി പ്രകാരം ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2014 വരെ മാത്രം 51 മലയാളികളായ കർഷകരാണ് ആത്മഹത്യ ചെയ്തത് സർ. ഈ നാട്ടിലെ കർഷകരെ ആത്മഹത്യ ചെയ്യാതെ സംരക്ഷിക്കുന്ന പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ ആണ് ഡൽഹിയിൽ ട്രാക്ടർ ഓടിക്കാതെ താങ്കൾ വന്നു ട്രാക്ടർ ഓടിച്ചത് സർ.
2009 ൽ ഇന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ രവീന്ദ്രനാഥ് ആസിയാൻ കരാറിനെതിരെ നിയമസഭയിൽ പറഞ്ഞതിലെ ഒരു ഭാഗം ഇങ്ങനെയാണ്. ‘കേരളത്തിലെ കർഷകരേ, മത്സ്യത്തൊഴിലാളികളേ നിങ്ങൾ മത്സരിക്കുക അല്ലെങ്കിൽ മരിക്കുക എന്നാണ് കേന്ദ്ര സർക്കാർ ആസിയാൻ കരാറിൽ ഒപ്പിട്ടുകൊണ്ട് പറയുന്നത്. ‘
ആസിയാൻ കരാർ നടപ്പിലായ ശേഷം മത്സ്യതൊഴിലാളി നേരിടുന്ന ബുദ്ധിമുട്ടുകൾ താങ്കൾ ചോദിച്ചു മനസ്സിലാക്കിയിരുന്നോ? ആസിയാൻ രാജ്യങ്ങളിൽ നിന്നും ഒരു നിയന്ത്രണവും ഇല്ലാതെ ഇന്ന് മത്സ്യങ്ങൾ വന്ന് തുടങ്ങിയിട്ടുണ്ട്. ഈ പരമ്പരാഗത മത്സ്യ മേഖലയിൽ അവരുടെ തൊഴിലിനെ പോലും അത് മൂലം നേരിടുന്ന മത്സരം ബാധിച്ചിരിക്കുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോയി കഷ്ടപെട്ട് കരക്കെത്തിയാൽ ആസിയാൻ രാജ്യങ്ങളിൽ നിന്നും ഉള്ള മത്സ്യങ്ങളുടെ കണ്ടൈനറുകൾ മാർകറ്റിൽ എത്തിക്കാണും. അതിനോട് കഷ്ടപെട്ട് മത്സരിച്ചാണ് ഇന്ന് അവർ തൊഴിൽ ചെയ്യുന്നത്. ആസിയാൻ രാജ്യങ്ങളോട് മത്സരിക്കാൻ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കികൊണ്ടിരിക്കുന്ന സർക്കാർ ആണ് കേരളം ഭരിക്കുന്നത് സർ . കേരള മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്ചുതാനന്ദൻ പലതവണ ആസിയാൻ കരാർ നടപ്പിലാക്കരുതെന്ന് പറഞ്ഞു കത്തയച്ചിട്ടും ഒരു അനുകൂല നിലപാടും സ്വീകരിക്കാതെ ധിക്കാരപരമായി ആസിയാൻ കരാർ നടപ്പിലാക്കിയ മൻമോഹൻ സിംഗിന്റെ പോലുള്ള സർക്കാർ അല്ല ഇന്ന് കേരളം ഭരിക്കുന്നത്.രമേശ് ചെന്നിത്തലയുടെ മുൻ സെക്രട്ടറിയായ ഐഎഎസ് ഉദ്യോഗസ്ഥൻ സർക്കാർ അറിയാതെ ഒരു വിവരക്കേട് ധാരണ ഉണ്ടാക്കിയത് ഉടനടി റദ്ദാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്.
മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങൾ ചെയ്ത ഫിഷറീസ് വകുപ്പ് മന്ത്രി മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന ഒരു കാര്യവും ചെയ്യില്ലെന്ന് തീരദേശ പഞ്ചായത്തിൽ ജനിച്ച് വളർന്ന എനിക്ക് നല്ലതുപോലെ അറിയാം സർ. താങ്കൾ കടലിൽ പോകുന്നതിന്റെ തൊട്ടടുത്ത ദിവസം താനൂര്, ചെല്ലാനം, വെളളയിൽ എന്നിങ്ങനെ മൂന്ന് ഇടങ്ങളിൽ ആണ് മത്സ്യബന്ധന ഹാർബർ പിണറായി വിജയൻ സർക്കാർ ഉത്ഘാടനം ചെയ്തത്.
താങ്കൾ യാത്ര ചെയ്ത ബോട്ടിൽ നാവിക് എന്നൊരു ജിപിഎസ് യന്ത്രം ഉണ്ടായിരുന്നോ?. സർക്കാർ സൗജന്യമായി വിതരണം ചെയ്തു വരുന്നുണ്ട് അത്. അടുത്ത് തന്നെ വിതരണം പൂർത്തിയാകും. മത്സ്യത്തൊഴിലാളികൾ കടലിൽ പോയാൽ അവർക്ക് സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടാൻ വേണ്ടിയുളള ജിപിഎസ് ഉപകരണം ആണത് സർ .
കടലിൽ വെച്ച് മത്സ്യത്തൊഴിലാളികൾക്ക് വല്ല അപകടവും സംഭവിച്ചാൽ വിളിക്കാനുളള മറൈൻ ആമ്പുലൻസിനെ പറ്റി രാഹുൽ ഭായ് അന്വേഷിച്ചിരുന്നോ? കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ഇടങ്ങളിൽ പ്രതീക്ഷ, പ്രത്യാശ, കാരുണ്യ എന്നീ പേരുകളിൽ നാമകരണം ചെയ്യപ്പെട്ട ആമ്പുലൻസുകൾ ഉണ്ട് സർ. കടലിൽ ചാടി എന്തെങ്കിലും സംഭവിച്ചാൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഉണ്ടായ മറൈൻ ആംബുലൻസ് സഹായിക്കാൻ വരുമെന്ന് താങ്കൾക്ക് ഉറപ്പ് കിട്ടിയതിനാൽ ആണോ ചാടിയത്?
നിങ്ങളുടെ കൂടെ കടലിൽ ജോലി ചെയ്യുന്ന ആരുടെ എങ്കിലും മക്കൾ പോലീസ് സേനയിൽ ഉണ്ടെന്ന് അന്വേഷിച്ചിരുന്നോ? മഹാപ്രളയത്തിൽ കേരളത്തിലെ ജനങ്ങളെ ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് കേരളത്തിലെ ജനങ്ങൾക്ക് നൽകിയ വാക്കായിരുന്നു മത്സ്യത്തൊഴിലാളികളെ പോലീസ് സേനയുടെ ഭാഗമാക്കും എന്നത്. 2019 ൽ തൃശൂർ പോലീസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ 177 മത്സ്യത്തൊഴിലാളി യുവാക്കൾ ആണ് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് പോലീസ് സേനയുടെ ഭാഗമായത്.
ഈ സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ എഴുതിയാൽ തീരില്ല സർ . മത്സ്യത്തൊഴിലാളികളെ നെഞ്ചോട് ചേർത്ത പിണറായി വിജയൻ സർക്കാറിന്റെ കരുതലിനെ പറ്റി അടുത്ത പിക്‌നികിന് വരുമ്പോൾ ചോദിച്ചു അറിയുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രിയപ്പെട്ട രാഹുൽ ഗാന്ധി,

താങ്കളുടെ കേരളാ പിക്നികിന് ഇടയിൽ കടലിൽ ചാടി കുളിക്കുന്ന ദൃശ്യമൊക്കെ മനോരമയിൽ കണ്ടു….

Posted by Riyaz Valkandi on Thursday, 25 February 2021

Exit mobile version