വലത് കൈ തകർന്ന് ദേഹമാസകലം മുറിവേറ്റ് ജാർഖണ്ഡ് സ്വദേശി അരുൺ;കൈയ്യൊഴിഞ്ഞ് സുഹൃത്തുക്കൾ; ചേർത്ത് പിടിച്ച് വിക്രമൻ; ഇതരസംസ്ഥാന തൊഴിലാളിക്ക് ഭക്ഷണവും മരുന്നും നൽകി പരിചരിച്ച് ഈ മലയാളി; നന്മ

തൃശ്ശൂർ: രണ്ട് മാസക്കാലമായി പരിക്കേറ്റ് പരസഹായമില്ലാതെ ഭക്ഷണം പോലും കഴിക്കാനാകാത്ത ഇതരസംസ്ഥാന തൊഴിലാളിയെ പരിചരിച്ച് നാട്ടുകാരന്റെ നന്മ. പടക്കം പൊട്ടിയതിനെ തുടർന്ന് വലത് കൈ തകർന്ന് അംഗഭംഗം വന്ന ശരീരവുമായി കിടപ്പിലായ അരുൺ (23)എന്ന ജാർഖണ്ഡ് സ്വദേശിയെയാണ് വിക്രമൻ എന്ന കൃഷിക്കാരൻ സംരക്ഷിക്കുന്നത്.

പടക്കം പൊട്ടിയുള്ള അപകടത്തിൽ വലത് കൈപ്പത്തി ചിതറിത്തെറിക്കുകയും ദേഹമാസകലം മുറിവേൽക്കുകയും ചെയ്ത അരുണിനെ വിക്രമൻ തൃശ്ശൂർ കൈപ്പറമ്പിലെ സ്വന്തം വീട്ടിൽ കൊണ്ടുവന്നാണ് പരിചരിക്കുന്നത്. ഭക്ഷണവും മരുന്നും മുടങ്ങാതെ നൽകി പ്രാഥമിക കൃത്യങ്ങൾക്കു പോലും സഹായിയായി വിക്രമൻ സദാസമയം അരുണിന്റെ കൂടെയുണ്ട്.

ജാർഖണ്ഡ് ദുംഗ ജില്ലയിലെ വിജയ്പുർ ഡൗഡോള സ്വദേശിയായ അരുണിനെ സ്വന്തം മകനെ പോലെ വിക്രമൻ പരിചരിക്കുന്നത് അരുൺ തന്റെ ബന്ധുവോ അയൽക്കാരനോ ഒന്നുമല്ല. എന്നിട്ടും ഒരുപരിചയവുമില്ലാത്ത അരുണിന് അപകടം പറ്റിയപ്പോൾ വിക്രമൻ താങ്ങായി ഓടിയെത്തുകയായിരുന്നു. വയ്യാത്ത യുവാവിനെ ഉപേക്ഷിക്കാതെ ചികിത്സയ്ക്ക് ശേഷം വീട്ടിൽ കൊണ്ടുവന്ന് പരിചരിക്കുകയാണ് വിക്രമൻ ചെയ്തത്.

കൈപ്പറമ്പിൽ താമസിച്ച് കെട്ടിടംപണി ചെയ്ത് വരികയായിരുന്നു അരുൺ. പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെയാണ് അരുണിന് പരിക്കേറ്റത്. വിക്രമന്റെ വീടിനടുത്ത് വെച്ചായിരുന്നു പടക്കം പൊട്ടിച്ചുള്ള ആഘോഷം നടന്നത്. ആരൊക്കെയോ പടക്കം പൊട്ടിക്കുന്നത് വിക്രമനും കേട്ടിരുന്നു. പിന്നാലെ പടക്കം പൊട്ടിച്ച കൂട്ടുകാരന് അപകടം പറ്റിയെന്നും സഹായം വേണമെന്നും ആവശ്യപ്പെട്ട് അരുണിന്റെ കൂട്ടുകാരൻ വിക്രമിന്റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു.

വിക്രമൻ ചെന്ന് നോക്കിയപ്പോൾ കണ്ടത് വഴിയോരത്ത് കൈപ്പത്തി തകർന്ന് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവാവിനെ. അന്നാണ് വിക്രമൻ ആദ്യമായി അഅരുണിനെ കാണുന്നത്. പരിക്കേറ്റ് അരുണിനെ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലാക്കിയതും കൂട്ടുകാരും സ്‌പോൺസറും തൊഴിലുടമയും അരുണിനെ കൈയൊഴിഞ്ഞതോടെ സഹായവുമായി വീണ്ടുമെത്തിയതും വിക്രമൻ തന്നെയായിരുന്നു.

പ്ലാസ്റ്റിക് സർജറിയും ചികിത്സയുമായി ഒരു മാസം അരുൺ മെഡിക്കൽ കോളേജിൽ കിടന്നപ്പോൾ സഹായത്തിന് ഒരാളെ നിർത്തിയതും ആശുപത്രിച്ചെലവുകൾ വഹിച്ചതുമെല്ലാം അദ്ദേഹമാണ്. ഇപ്പോൾ ആഴ്ചതോറും ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതും വിക്രമനാണ്. ആശുപത്രി വിട്ടപ്പോൾ പോകാനിടമില്ലാതെ വിഷമിച്ച അരുണിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു അദ്ദേഹം.

ശാരീരികാവസ്ഥ ഭേദപ്പെട്ടാൽ നാട്ടിലേക്ക് പോകണമെന്നുണ്ട് അരുണിന്. മാതാപിതാക്കളില്ലെങ്കിലും നാട്ടിൽ ചേട്ടന്മാരും ചേച്ചിയുമുണ്ട്്. അവരുടെ നമ്പർ അറിയില്ല. ഫോണിലാണ് സൂക്ഷിച്ചിരുന്നത്. പടക്കത്തോടൊപ്പം ഫോണും പൊട്ടിത്തെറിച്ചു. തിരിച്ചറിയിൽ രേഖകളൊന്നും കൈയ്യിലില്ല. എല്ലാം താമസിച്ചിരുന്ന മുറിയിലായിരുന്നു. ഇതിനിടെ കൂടെ താമസിച്ചിരുന്ന കൂട്ടുകാർ ആ മുറി വിട്ടുപോയതോടെ അരുണിന്റെ എല്ലാ രേഖകളും നഷ്ടപ്പെടുകയായിരുന്നു. നാട്ടിൽ പോകാനാകുംവരെ ആശങ്കവേണ്ടെന്നും കൂടെ കരുതലായി ഉണ്ടാകുമെന്നും വിക്രമൻ അരുണിന് ഉറപ്പ് നൽകിയിട്ടുണ്ട്.

Exit mobile version