നോട്ടുനിരോധനം കാരണം ഡിജിറ്റൽ ബാങ്കിങ് വന്നു; അതുകൊണ്ട് ഒടിടി റിലീസ് വിജയകരമായി; ദൃശ്യം 2 വിജയത്തിന് നോട്ടുനിരോധനത്തെ അഭിനന്ദിച്ച് സന്ദീപ് ജി വാര്യർ; ചിരിയടക്കാനാകാതെ സോഷ്യൽമീഡിയ

sandeep-varier | Kerala News

കൊച്ചി: ദൃശ്യം 2 ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി ആമസോൺ പ്രൈമിൽ കാഴ്ചക്കാരെ നേടിക്കൊണ്ടിരിക്കെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. അഭിനന്ദന കുറിപ്പ് തുടങ്ങിയത് മോഹൻലാലിനേയും ദൃശ്യം 2 ചിത്രത്തേയും പുകഴ്ത്തിയാണെങ്കിലും ചെന്നെത്തിയത് ഡിജിറ്റൽ ഇന്ത്യയേയും നോട്ടുനിരോധനത്തേയും വാഴ്ത്തുന്നതിലായി പോയെന്നാണ് കുറിപ്പിനെ കുറിച്ച് ഉയരുന്ന ചർച്ച. വളരെ വ്യത്യസ്തമായി നോട്ടുനിരോധനത്തെ ന്യായീകരിച്ചും കോവിഡ് മഹാമാരി കാലത്ത് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായില്ലെന്നും ഫേസ്ബുക്കിലൂടെ പറയുകയാണ് സന്ദീപ് ജി വാര്യർ.

മലയാള സിനിമ ഒടിടി റിലീസിന് സജ്ജമായതിന് കാരണം ഡിജിറ്റൽ ഇന്ത്യയാണെന്നും ഡിജിറ്റൽ ബാങ്കിങ് ട്രാൻസാക്ഷൻ ഇല്ലായിരുന്നെങ്കിൽ ഒടിടി റിലീസ് ജനകായമാവില്ലായിരുന്നെന്നും ഇതിനെല്ലാം മൂലകാരണം 2016ലെ നോട്ടുനിരോധനമാണെന്നും സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം. ആദ്യ സിനിമ പോലെ തന്നെ സസ്‌പെൻസ് നിലനിർത്താൻ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ എന്നു തുടങ്ങുന്ന സന്ദീപ് വാര്യരുടെ പോസ്റ്റ് അവസാനിക്കുന്നത് 2016ലെ ഡിമോണിറ്റൈസേഷൻ കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചെന്നും അതിന്റെ നേർസാക്ഷ്യമാണ് ദൃശ്യം 2 ഒടിടി റിലീസിങ് എന്നും പറഞ്ഞാണ്.

അതേസമയം, സന്ദീപ് വാര്യരുടെ പോസ്റ്റിനെ അനുകൂലിച്ചും പരിഹസിച്ചും നിരവധി കമന്റുകളും ട്രോളുകളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കള്ളപ്പണം നിയന്ത്രിക്കലും കള്ളപ്പണക്കാരെ കുടുക്കലുമാണ് ലക്ഷ്യമെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഡിജിറ്റലൈസേഷൻ എന്ന് നിലപാട് മാറ്റിയതിനെയും ചിലർ ചോദ്യം ചെയ്യുന്നുണ്ട്.

സന്ദീപ് ജി വാര്യർ ഫേസ്ബുക്ക് പോസ്റ്റ്:

ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം. ആദ്യ സിനിമ പോലെ തന്നെ സസ്‌പെൻസ് നിലനിർത്താൻ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ . മലയാള സിനിമ പുതിയൊരു നോർമലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതൽ സിനിമകളെത്തും . ഡിജിറ്റൽ ഇന്ത്യക്ക് നന്ദി. ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർദ്ധനവുണ്ടായിരുന്നില്ലെങ്കിൽ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ ഡിമോണിറ്റൈസേഷൻ, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചതിന്റെ നേർസാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിംഗ്.

Exit mobile version