രാമക്ഷേത്രനിര്‍മ്മാണത്തിന് എല്‍ദോസ് കുന്നപ്പിളളിയുടെ സംഭാവന: രാജി വയ്ക്കണമെന്ന് പിഡിപി, അംഗീകരിക്കാനാവില്ലെന്ന് വെല്‍ഫയര്‍പാര്‍ട്ടി; നടപടി വിവാദത്തില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിളളി അയോദ്ധ്യാ രാമക്ഷേത്രനിര്‍മ്മാണ നിധിയിലേക്ക് തുക സംഭാവന ചെയ്തത് വിവാദമാകുന്നു.

രാമക്ഷേത്ര നിധിയിലേക്ക് തുക സമര്‍പ്പണം ചെയ്തുകൊണ്ട്, ശ്രീരാമ ക്ഷേത്രത്തിന്റെ രൂപരേഖ ജില്ലാ പ്രചാരക് അജേഷ് കുമാറില്‍ നിന്നും ഏറ്റുവാങ്ങുന്നുവെന്ന അടിക്കുറിപ്പോടെയുളള ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതാണ് വിവാദത്തിന് തുടക്കം.

മുസ്ലിം വോട്ട് ബാങ്കുകള്‍ ഉളള പെരുമ്പാവൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രചരിച്ചത് എംഎല്‍എയ്ക്ക് തിരിച്ചടിയായേക്കും. സംഭവത്തില്‍ എംഎല്‍എയ്ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയും പ്രതിഷേധവുമായി രംഗത്ത് വന്നു.

ക്ഷേത്രനിര്‍മ്മാണങ്ങള്‍ക്ക് തുക സംഭാവന ചെയ്യുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ന്യൂനപക്ഷമനസുകളെ വേദനിപ്പിച്ച ഇത്തരം സംഭവത്തില്‍ ആര്‍എസ്എസ് നിലപാടുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച എംഎല്‍എയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും വെല്‍ഫയര്‍പാര്‍ട്ടി പറഞ്ഞു.

ഇത്തരത്തില്‍ ഒരു വിഭാഗത്തെ പ്രീണിപ്പിച്ച് അധികാരത്തിലിരിക്കുന്ന എല്‍ദോസ് കുന്നപ്പിളളി തന്റെ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന് പിഡിപി ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ മാപ്പപേക്ഷയുമായി എല്‍ദോസ് കുന്നപ്പിളളി രംഗത്തെത്തിയിട്ടുണ്ട്. ആര്‍എസ്എസ് തന്നെ ചതിച്ചതാണെന്നും ഏതെങ്കിലും മതവിഭാഗത്തിനെ തന്റെ പ്രവൃത്തി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു. തന്നെ കാണാന്‍ വന്നവര്‍ ആര്‍എസ്എസുകാരായിരുന്നെന്ന് അറിയില്ലായിരുന്നു. ഇരിങ്ങോള്‍ കാവിന്റെ ഭാരവാഹികളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി തെറ്റിദ്ധരിപ്പിച്ചെന്നാണ് എംഎല്‍എയുടെ വാദം.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പിളളി തന്ന വിശദീകരണം തൃപ്തികരമാണെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള ഇത്തരം പൊള്ളയായ നീക്കങ്ങളില്‍ വീഴാതെ എല്ലാവരും ജാഗ്രത പാലിക്കണമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

Exit mobile version