രാമക്ഷേത്രം ശുചീകരിക്കണം: 1.75 കിലോഗ്രാം വെള്ളി ചൂല്‍ സമ്മാനിച്ച് ഭക്തര്‍

വരാണസി: അയോധ്യയിലെ രാമക്ഷേത്രത്തിന് 1.75 കിലോഗ്രാം വെള്ളി ചൂല്‍ സമ്മാനിച്ച് ഭക്തര്‍. രാമക്ഷേത്രത്തിലെ വിശുദ്ധമന്ദിരം ശുചീകരിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ചൂല്‍ സമ്മാനിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധിയാളുകളാണ് ക്ഷേത്ര ട്രസ്റ്റിലേക്ക് സമ്മാനങ്ങളും സംഭാവനകളും നല്‍കുന്നത്.

അക്കൂട്ടത്തില്‍ ക്ഷേത്ര ട്രസ്റ്റിന് സമ്മാനമായി ലഭിച്ച ചൂല്‍ ആണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്. എഎന്‍ഐ, എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഭക്തര്‍ വെള്ളിച്ചൂല്‍ ശിരസ്സിലേറ്റി ജാഥയായി ക്ഷേത്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം.

പൂര്‍ണ്ണമായും വെള്ളിയില്‍ തീര്‍ത്ത ചൂല്‍ ആണിത്. 1.75 കിലോഗ്രാം ഭാരമുള്ള വെള്ളി ചൂല്‍ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് സമ്മാനിച്ചത് അഖില ഭാരതീയ മംഗ് സമാജിലെ ഭക്തരാണ്. രാമക്ഷേത്രത്തിലെ വിശുദ്ധമന്ദിരം ശുചീകരിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഭക്തര്‍ ചൂല്‍ സമ്മാനിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 22ന് ക്ഷേത്രം തുറന്നത് മുതല്‍ ഏകദേശം 19 ലക്ഷം ഭക്തര്‍ അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 23ന് പ്രാണ്‍ പ്രതിഷ്ഠ ചടങ്ങിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കായി തുറന്ന ക്ഷേത്രത്തില്‍ ആദ്യദിവസം തന്നെ എത്തിയത് 5 ലക്ഷത്തിലധികം സന്ദര്‍ശകരാണ്.

Exit mobile version